ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2021 CBR250RR വിപണിയില്‍ അവതരിപ്പിച്ചു. മലേഷ്യന്‍ വിപണിയിലാണ് വാഹനത്തിന്‍റെ അവതരണമെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

MYR 25,999 അഥവാ ഏകദേശം 4.73 ലക്ഷം രൂപയാണ് ബൈക്കിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 249.7 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം.13,000 rpm-ല്‍ 40.23 bhp കരുത്തും 11,000 rpm-ല്‍ 25 Nm ടോർക്കും സൃഷ്ടിക്കുന്നതാണ് എൻജിൻ. 

ഒരു ലിക്വിഡ്-കൂള്‍ഡ് യൂണിറ്റാണ് ഈ എൻജിൻ, ഒരു DOHC സജ്ജീകരണവും 8 വാല്‍വുകളും ഉള്‍ക്കൊള്ളുന്നു. സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയര്‍ബോക്‌സും ഹോണ്ട ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നു. സസ്‌പെന്‍ഷനായി ഒരു ജോഡി USD ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ഉപയോഗിക്കുന്നു. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കുന്നു. രണ്ട് കളര്‍ ഓപ്ഷനില്‍ ആണ് ഹോണ്ട 2021 CBR250RR വിപണിയില്‍ എത്തുന്നത്. 

ആകർഷകമായ ഫ്യുവല്‍ ടാങ്ക് ആണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡ്യുവല്‍-പോഡ് എക്സ്ഹോസ്റ്റും ബൈക്കിന്റെ ലഭിക്കുന്നു. വളരെ സ്‌റ്റൈലിഷും മനോഹരവുമായ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹോണ്ട ഇതിൽ ഒരുക്കിയിട്ടുണ്ട്. ബൈക്കിന്റെ ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പും എല്‍ഇഡി ഡിആര്‍എല്ലുകളും വളരെ ആകര്‍ഷണീയമാണ്. യമഹ R25 ആണ് പുതിയ CBR250RR-ന്റെ മുഖ്യഎതിരാളി.