Asianet News MalayalamAsianet News Malayalam

വമ്പന്‍ മൈലേജിന് പുതുവിദ്യകളുമായി സെലേരിയോ, ബുക്കിംഗ് തുടങ്ങി, അങ്കലാപ്പില്‍ എതിരാളികള്‍!

പുതിയ സെലേറിയോയ്‌ക്കുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചതായും  ഉപഭോക്താക്കൾക്ക് ഓൺലൈനായും നേരിട്ടും 11,000 രൂപ തുക അടച്ച് വാഹനം ബുക്ക് ചെയ്യാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2021 Maruti Suzuki Celerio to launch on November 10 Booking Started
Author
Mumbai, First Published Nov 3, 2021, 9:14 AM IST

റ്റവും പുതിയ മാരുതി സുസുക്കി സെലേറിയോ  (2021 Maruti Celerio) നവംബർ 10-ന് ഇന്ത്യൻ കാർ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. പുതിയ സെലേറിയോയ്‌ക്കുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചതായും  ഉപഭോക്താക്കൾക്ക് ഓൺലൈനായും നേരിട്ടും 11,000 രൂപ തുക അടച്ച് വാഹനം ബുക്ക് ചെയ്യാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ സെലേറിയോ വലിയ മാറ്റങ്ങളോടെയാകും മാരുതി സുസുക്കി (Maruti Suzuki) അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈൻ മാറ്റങ്ങൾ, പുതിയ ക്യാബിൻ ലേഔട്ട്, കൂടുതൽ സൗകര്യങ്ങൾ, സുരക്ഷാ ഹൈലൈറ്റുകൾ എന്നിവയോടെയാകും പുത്തന്‍ വാഹനം എത്തുക. 2021 സെലെരിയോയ്ക്ക് കൂടുതൽ വൃത്താകൃതിയിലുള്ള ബാഹ്യ പ്രൊഫൈലുണ്ട്, കൂടാതെ ഫ്രണ്ട് ഗ്രില്ലും ബോൾഡർ ക്യാരക്ടർ ലൈനുകളും ഉള്‍പ്പെടെ മറ്റ് നിരവധി മാറ്റങ്ങളുമായാണ് വാഹനം വരുന്നത്. ഉള്ളിൽ, ഡാഷ്‌ബോർഡ് ലേഔട്ടിൽ ഒരു ഓവർഹോൾ നൽകിയിട്ടുണ്ട്. ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ യുവത്വമുള്ളതായി തോന്നാം ഇന്‍റീരിയര്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2021 Maruti Suzuki Celerio to launch on November 10 Booking Started

ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് പോലുള്ള ഫീച്ചറുകൾ പുതിയ സെലേറിയോയുടെ മൈലേജ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിന്റെ മൈലേജ് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായിരിക്കും ഇതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. 1.0 ലിറ്റർ K10C, 3 സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനോടെ ആയിരിക്കും സെലേരിയോ എത്തുക എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  ആഗോളതലത്തില്‍ നിരവധി സുസുക്കി കാറുകളിൽ കാണാനാവുന്ന അതേ എഞ്ചിൻ ഓപ്ഷനാണിത്. കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടിയാഗോയൊപ്പം പിടിച്ചുനിൽക്കാനാണ് ഈ മാറ്റങ്ങൾ മാരുതി നടപ്പിലാക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

സുസുക്കിയുടെ 1.0 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിൻ പരിഷ്ക്കരിച്ച എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീകർക്കുലേഷൻ (EGR), ഉയർന്ന കംപ്രഷൻ അനുപാതം, ഡ്യുവൽ ഇൻജക്‌ടറുകൾ എന്നിവ ഇൻലെറ്റ് വാൽവുകളോട് ചേർന്ന് കിടക്കുന്നു. ഈ സാങ്കേതികവിദ്യകൾ വാഹനത്തിന്റെ ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.  കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഡ്യുവൽജെറ്റ് മോട്ടോറുമൊത്തുള്ള പുതിയ മാരുതി സെലേറിയോ ഏകദേശം 26 കിലോമീറ്ററിന്റെ ഏറ്റവും മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.  കാറിന്റെ പ്രധാന എതിരാളികളായ ടാറ്റ ടിയാഗോ എഎംടി, ഹ്യുണ്ടായി ഗ്രാൻഡ് i10 എന്നിവ യഥാക്രമം 23.84 കിലോമീറ്റർ, 18.9 കിലോമീറ്റർ എന്നിങ്ങനെയാണ് മൈലേജ് നൽകുന്നത്. ഇവിടെ ഇന്ധനവില റെക്കോർഡ് നിലവാരത്തിലെത്തുകയും പതിവായി ഉയരുകയും ചെയ്യുന്ന ഒരു സമയത്ത് സെലേറിയോയെ സംബന്ധിച്ച് ഇതൊരു നിര്‍ണായക വഴിത്തിരിവാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2021 Maruti Suzuki Celerio to launch on November 10 Booking Started

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതുതലമുറ സെലെറിയോ വലുതാണെന്നാണ് നേരത്തെയുള്ള പരീക്ഷണയോട്ട ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് ലഭിച്ചേക്കും. മാരുതിയുടെ മോഡുലാര്‍ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ സെലേറിയോ ഒരുങ്ങിയിട്ടുള്ളത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയികള്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, സംയോജിത എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടാം. കാര്യമായ മാറ്റങ്ങള്‍ അകത്തളത്തിലും പ്രതീക്ഷിക്കാം. മാരുതിയുടെ പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായി ഫീച്ചര്‍ സമ്പന്നമായായിരിക്കും പുതിയ സെലേറിയോയും എത്തുക. ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയും ലഭിക്കും. ഫാബ്രിക് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ടാകും.

സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായവ വാഹനത്തിൽ ഇടംപിടിക്കും. മുമ്പ് പല തവണ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്.

2021 Maruti Suzuki Celerio to launch on November 10 Booking Started

2014 ഓട്ടോ എക്സ്പോയിലാണ് ആദ്യമായി മാരുതി സുസുക്കി സെലേരിയോയെ അവതരിപ്പിക്കുന്നത്. 2020ലെ കണക്കനുസരിച്ച് സെലേറിയോയുടെ പ്രതിമാസ വില്‍പ്പന ഏകദേശം 4,000 യൂണിറ്റ് മുതല്‍ മുതല്‍ 6,000 യൂണിറ്റ് വരെയാണ്. പുതിയ വാഹനത്തിന്‍റെ വരവ് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ വിവരങ്ങളും മുമ്പ് നിരവധി തവണ പുറത്തുവന്നിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വാഹനത്തിന്‍റെ വരവ് വൈകുകയായിരുന്നു.  

2021 Maruti Suzuki Celerio to launch on November 10 Booking Started

Follow Us:
Download App:
  • android
  • ios