ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ കൊറോള സെഡാന്റെ അപെക്സ് സ്പെഷ്യൽ എഡിഷൻ അടുത്തിടെയാണ് പുറത്തിറക്കിയത്. യുഎസ് വിപണിയിൽ എത്തുന്ന വാഹനത്തിന്‍റെ വിലവിവരങ്ങള്‍ ഇപ്പോൾ വെളിപ്പെടുത്തിരിക്കുകയാണ് കമ്പനി. രണ്ട് വേരിയന്റുകളിൽ ആണ് വാഹനം എത്തുന്നത്.

2021 ടൊയോട്ട കൊറോള അപെക്സ് പതിപ്പിന് അടിസ്ഥാന അപെക്സ് SE -ക്ക് 26,065 ഡോളർ ആണ് വില. എന്നാൽ, സാധാരണ SE വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏകദേശം 2,695 ഡോളർ കൂടുതലാണ്. ടൊയോട്ട കൊറോള അപെക്സ് എഡിഷൻ ടോപ്പ്-സ്പെക്കാണ് അപെക്സ് XSE. ഇതിന്റെ വില 29,205 ഡോളറാണ്. വടക്കേ അമേരിക്കൻ വിപണിയിൽ ജാപ്പനീസ് നിർമ്മാതാക്കൾക്കായി കൊറോള ഒരു ടോപ്പ് സെല്ലറായി തുടരുന്നു.

വാഹത്തിന്റെ ഉത്പാദനം 6,000 യൂണിറ്റായി കമ്പനി പരിമിതപ്പെടുത്തും. റിപ്പോർട്ട് പ്രകാരം കൂടുതൽ പർച്ചേസ് ചോയിസുകൾ നൽകുന്നതിനാണ് അപെക്സ് എഡിഷൻ അവതരിപ്പിച്ചത്. ഉപഭോക്താക്കൾ 390 ഡോളർ അധികമായി നൽകിയാൽ മാനുവൽ ട്രാൻസ്മിഷനോടുകൂടിയ അപെക്സ് SE സ്വന്തമാക്കാം.

കറുത്ത നിറത്തിൽ കസ്റ്റം ബോഡി കിറ്റ് ഒരുക്കിയിരിക്കുന്നു. സൈഡ് സ്കേർട്ടുകൾ, സ്പോർട്ടി ഫ്രണ്ട് സ്പ്ലിറ്റർ, സൂക്ഷ്മ ബ്രോൺസ് ആക്സന്റുകൾ, റിയർ ഡിഫ്യൂസർ എന്നിവ ഇതിൽ ഉണ്ട്. 2.0 ലിറ്റർ ഡൈനാമിക് ഫോർസ് നാല് സിലിണ്ടർ എഞ്ചിൻ ആണ് വാഹനത്തിൽ. ഇത് 6,600 rpm -ൽ 169 bhp പരമാവധി കരുത്തും 205 Nm ടോർക്കും ഉത്പാദിപ്പിക്കും. എഞ്ചിൻ ആറ് സ്പീഡ് iMT ആണ് ട്രാൻസ്‍മിഷന്‍.