Asianet News MalayalamAsianet News Malayalam

നമുക്കിവന്‍ ഇന്നോവ, എന്നാല്‍ അവരുടെ വീട്ടുമുറ്റങ്ങളില്‍ ഇവനൊരു പേരുമാത്രം!

ജനപ്രിയ മോഡല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് ഫെസ്‌ലി‌ഫ്റ്റ് സമ്മാനിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട

2021 Toyota Innova Crysta breaks cover in Indonesia
Author
Indonesia, First Published Oct 20, 2020, 12:40 PM IST

ജനപ്രിയ മോഡല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് ഫെസ്‌ലി‌ഫ്റ്റ് സമ്മാനിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട.  ഇന്തോനേഷ്യൻ വിപണിയിലാണ് പുത്തന്‍ ഇന്നോവയുടെ അരങ്ങേറ്റം നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നോവ ഇന്തോനേഷ്യൻ വിപണിയിൽ കിജാങ് ഇന്നോവ എന്നാണ് അറിയപ്പെടുന്നത്. പുതിയ പതിപ്പും ഇതേ പേരില്‍ത്തന്നെയാണ് എത്തുക.

2016ന് ശേഷം വാഹനത്തിന്‍റെ ആദ്യ ഫേസ്‍ലിഫ്റ്റ് പതിപ്പാണിത്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഈ പുത്തന്‍ ഇന്നോവ ഇന്ത്യയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വാഹനത്തിന്‍റെ പേരു മാറുമോ എന്ന കാര്യം വ്യക്തമല്ല.

പുത്തൻ ബമ്പർ കൂടുതൽ മാസ്ക്കുലാർ ആണ്, കറുപ്പിൽ പൊതിഞ്ഞ മുകൾ ഭാഗവും ഫോക്സ് സിൽവർ സ്കിഡ് പ്ലെയ്റ്റും ചേരുമ്പോൾ സ്‌പോർട്ടി ലുക്ക് ലഭിക്കുന്നു. നിലവിൽ വില്പനയിലുള്ള ഇന്നോവ ക്രിസ്റ്റയേക്കാൾ വലിപ്പം കൂടുതലുള്ളതാണ് പുതിയ ഗ്രിൽ. കറുപ്പ് നിറത്തിലുള്ള നാല് സ്ലാറ്റുകൾ ചേർന്നതാണ് പുത്തൻ ഗ്രിൽ. കുത്തനെ സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്പും അത് ക്രമീകരിച്ചിരിക്കുന്ന കറുപ്പ് ഹൗസിങ്ങുമാണ് പ്രധാന ഹൈലൈറ്റ്.

139 എച്ച്പി പവർ നിർമ്മിക്കുന്ന 2.0 ലിറ്റർ പെട്രോൾ, 149 എച്ച്പി ഔട്പുട്ടുള്ള 2.4 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ആണ് പുത്തൻ കിജാംഗ് ഇന്നോവ  ഇന്തോനേഷ്യൻ വിപണിയിലെത്തുക. പരിഷ്‍കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ അപ്ഹോൾസ്റ്ററിക്ക് പകരം കറുപ്പിൽ പൊതിഞ്ഞ അപ്ഹോൾസ്റ്ററി എന്നിവയാണ് ഇന്റീരിയറിലെ മാറ്റങ്ങൾ. 

പരിഷ്‍കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ അപ്ഹോൾസ്റ്ററിക്ക് പകരം കറുപ്പിൽ പൊതിഞ്ഞ അപ്ഹോൾസ്റ്ററി എന്നിവയാണ് ഇന്‍റിരിയറിലെ പ്രധാന മാറ്റങ്ങൾ. രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളുള്ള 6 സീറ്റർ പതിപ്പിക്കും ബെഞ്ച് സീറ്റുളള 7 സീറ്റർ പതിപ്പിലും പുത്തൻ ഇന്നോവ ക്രിസ്റ്റ ലഭിക്കും. പുത്തൻ ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും ഉയർന്ന വേരിയന്റിൽ ആപ്പിൾ കാർപ്ലേ പ്രവർത്തിപ്പിക്കാവുന്ന പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇന്റഗ്രേറ്റഡ് എയർ പ്യൂരിഫയറും ഇടം പിടിക്കും. ഏഴ് എയർബാഗുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ക്രൂയിസ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കീലെസ് എൻട്രി ആൻഡ് ഗോ, ആംബിയന്റ് ലൈറ്റിംഗ്, റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയ ഇപ്പോഴുള്ള ഇന്നോവ ക്രിസ്റ്റയിലെ ഫീച്ചറുകൾ പുത്തൻ മോഡലിലും മാറ്റമില്ലാതെ തുടരും.

2016-ൽ പുറത്തിറങ്ങിയ മോഡലാണ് നിലവില്‍ വിപണിയിലുള്ളത്. ഇത് കമ്പനിയ്ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിക്കൊടുക്കുന്ന വാഹനം കൂടിയാണ്. എന്നാല്‍ 2020ലെ​ വിൽപ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍  വിൽപ്പനയില്‍ ഇന്നോവ ക്രിസ്​റ്റ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  2019 ഓഗസ്റ്റില്‍ ഇന്നോവയുടെ 4,796 യൂണിറ്റുകൾ വിറ്റഴിക്കാനായിരുന്നു. 39 ശതമാനത്തോളമാണ് ഇടിവ്.  മികച്ച മൂന്ന്​ പേരുകളിൽ നിന്ന് ഇന്നോവ പുറത്താവുകയും ചെയ്​തു. അതുകൊണ്ടു തന്നെ ഒരു മുഖം മിനുക്കല്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി 2020 ഇന്നോവ ക്രിസ്റ്റയെ അടുത്തിടെയാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്. അടിസ്ഥാന വേരിയന്റ് മുതല്‍ വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്. വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളാണ് എംപിവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കി. ഇബിഡി സഹിതം എബിഎസ്, പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയോടെ ഉയരം ക്രമീകരിക്കാവുന്ന സീറ്റ്‌ബെല്‍റ്റുകള്‍, ഐസോഫിക്‌സ് സീറ്റ് മൗണ്ടുകള്‍, സീറ്റ്‌ബെല്‍റ്റ് വാണിംഗ് എന്നിവയാണ് നിലവിലെ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍. മറ്റ് സുരക്ഷാ ഫീച്ചറുകള്‍ പരിശോധിച്ചാല്‍, ജിഎക്‌സ് മാന്വല്‍, ജിഎക്‌സ് ഓട്ടോമാറ്റിക്, വിഎക്‌സ് മാന്വല്‍ എന്നീ വേരിയന്റുകളില്‍ മൂന്ന് എയര്‍ബാഗുകള്‍ നല്‍കി. ടോപ് സ്‌പെക് ഇസഡ്എക്‌സ് വേരിയന്റിന് സുരക്ഷയൊരുക്കുന്നത് ഏഴ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകളിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍, ഇമ്മൊബിലൈസര്‍ + സൈറണ്‍ + അള്‍ട്രാസോണിക് സെന്‍സര്‍ + ഗ്ലാസ് ബ്രേക്ക് സെന്‍സര്‍ എന്നിവയാണ്. മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല. 

2004ല്‍ ഇന്തോനേഷ്യയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. ക്വാളിസിനു പകരക്കാരനായി 2005 ൽ ആണ് ആദ്യ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്.  12 വേരിയന്‍റുകളിലായിരുന്നു ആദ്യതലമുറ ഇന്നോവയുടെ ഇന്ത്യന്‍ വിപണിപ്രവേശം. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

2016ലെ ദില്ലി ഓട്ടോ എക്സ്‍പോയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി ലിമിറ്റഡ് എഡീഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. വാഹനം പുറത്തിറങ്ങിയതിന്‍റെ 15-ാം വാര്‍ഷികം പ്രമാണിച്ച് ലീഡര്‍ഷിപ്പ് എഡിഷന്‍ എന്ന  പുതിയൊരു പ്രത്യേക പതിപ്പിനെക്കൂടി കമ്പനി അടുത്തിടെ നിരത്തിലെത്തിച്ചിരുന്നു.   മാരുതി എര്‍ട്ടിഗ, മഹീന്ദ്ര ബൊലേറോ, റെനോ ട്രൈബര്‍ തുടങ്ങിയവരാണ് എംപിവി സെഗ്മെന്റില്‍ ഇന്നോവയുടെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios