ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‍സ് പുതിയ 2021 അപ്പാഷെ RTR 160 4Vയെ അവതരിപ്പിച്ചു. ബംഗ്ലാദേശ് വിപണിയിലാണ് വാഹനത്തിന്‍റെ അവതരണമെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടിവിഎസ് അപ്പാച്ചെ RTR 160 4V മോഡലിന് കരുത്തേകുന്നത് 159.7 സിസി, 4-സ്ട്രോക്ക്, 4-വാൽവ് എഞ്ചിനാണ്. ഈ സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് മോട്ടോർ 8000 rpm-ൽ പരമാവധി 16.05 bhp കരുത്തും 6500 rpm-ൽ 14.8 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. അപ്പാച്ചെ RTR 160 4V മോഡലിന്റെ എഞ്ചിൻ അഞ്ച്-സ്പീഡ് സീക്വൻഷൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫ്യുവൽ ടാങ്കിന് പ്ലാസ്റ്റിക് എക്സ്റ്റൻഷനുകൾ നൽകുന്നു. 

പൂർണമായും ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ബ്ലൂടൂത്ത് ഉള്ള സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യയാണ് മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷത. ഈ സംവിധാനമുള്ള ബംഗ്ലാദേശിലെ ആദ്യത്തെ ബൈക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യയിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ, റേസ് ടെലിമെട്രി, കോൾ, എസ്എംഎസ് അലേർട്ട്, ലോ ഫ്യുവൽ വാർണിംഗ് അസിസ്റ്റ്, ലീൻ ആംഗിൾ റെക്കോർഡർ എന്നിവയെല്ലാം ഉണ്ട്. റൈഡയറിന് ഹാൻഡിൽബാറിലെ ഒരു പ്രത്യേക ടോഗിൾ സ്വിച്ച് വഴി നിയന്ത്രിക്കാൻ സാധിക്കും. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിൽ നെയിൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പ് ഒരുങ്ങുന്നു.