കാട്ടുപൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്‍കൂട്ടർ മറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. കെഎസ്ഇബി പത്തനംതിട്ട സെക്‌ഷൻ ഓഫിസിലെ വനിതാ സബ് എൻജിനീയർ ടി എസ് ശ്രീതു (32) ആണ് മരിച്ചത്. വാഹനം ഓടിച്ച സഹോദരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

ഇന്നലെ രാവിലെ 9.10ന് അടൂർ – തട്ട – പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംക്‌ഷനു സമീപത്തായിരുന്നു അപകടം. ചവറയിലെ കുടുംബ വീട്ടിൽ താമസിക്കുന്ന ശ്രീതു ലോക്ക് ഡൗണായതിനാൽ സഹോദരനൊപ്പം സ്കൂട്ടറിലാണ് എന്നും പത്തനംതിട്ടയിലെ ഓഫിസിലെത്തിയിരുന്നത്. ഇന്നലെ രാവിലെ ആനന്ദപ്പള്ളി ജംക്‌ഷനു സമീപത്തുള്ള ഇറക്കം ഇറങ്ങിവരുമ്പോഴാണ് കാട്ടുപൂച്ച കുറുകെ ചാടിയത്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് 30 മീറ്ററോളം മുന്നോട്ടു നിരങ്ങി നീങ്ങിയതായി പൊലീസ് പറഞ്ഞു. ഈ സമയം തലയിടിച്ച് റോഡിലേക്ക് വീണു ശ്രീതുവിന് ഗുരുതര പരുക്കേറ്റു. 

അപകടം നടന്ന ഉടന്‍ അതുവഴി വന്ന കുടുംബശ്രീ മിഷൻ ജില്ലാ കോ–ഓർഡിനേറ്ററുടെ ഔദ്യോഗിക വാഹനത്തിൽ യുവതിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് കാട്ടുപൂച്ച ചത്തു കിടപ്പുണ്ടായിരുന്നു. വിവിധ വകുപ്പുകളിൽ ജോലി നോക്കിയിരുന്ന ശ്രീതു ഒരു വർഷം മുൻപാണ് കെഎസ്ഇബിയിൽ സബ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്. സ്‍കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ അയ്യപ്പന് നിസാര പരുക്കേറ്റു. 

നെയ്യാ‌റ്റിൻകര എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ നെയ്യാറ്റിൻകര കുളത്തൂർ ഉച്ചക്കട ശ്രീമംഗലം വീട്ടിൽ എൻ. സുഭാഷ്‍ കുമാറിന്റെ ഭാര്യയാണ് ശ്രീതു. രണ്ടു കുട്ടികളുണ്ട്.