ലിംഗായത്ത് സമുദായക്കാരിയായ മാന്യ ദൊഡ്ഡമണി പട്ടികജാതിക്കാരനായ വിവേകാനന്ദനെ വിവാഹം കഴിച്ചതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ധാർവാഡ്: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ ആറ് മാസം ഗർഭിണിയായ യുവതിയെ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ധാർവാഡ് ജില്ലയിലുള്ള ഇനാം വീരാപൂർ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. 20 വയസ്സുകാരിയായ മാന്യ ദൊഡ്ഡമണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാന്യയുടെ പിതാവ് പ്രകാശ്ഗൗഡ പാട്ടീൽ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലിംഗായത്ത് സമുദായത്തിൽപ്പെട്ട മാന്യയും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിവേകാനന്ദ ദൊഡ്ഡമണിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇവർ ബന്ധം സ്ഥാപിച്ചത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഈ വർഷം മെയ് മാസത്തിൽ ഇവർ ഒളിച്ചോടി വിവാഹം രജിസ്റ്റർ ചെയ്തു. വിവാഹത്തിന് ശേഷം മാന്യയുടെ വീട്ടുകാർ വിവേകാനന്ദന്റെ വീട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് ഇരു കുടുംബങ്ങളെയും വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയിരുന്നു. ജീവന് ഭീഷണിയുള്ളതിനാൽ ഹാവേരി ജില്ലയിലായിരുന്നു ദമ്പതികൾ ഇത്രയും കാലം താമസിച്ചിരുന്നത്.
രേഖകൾ തേടിയെത്തിയപ്പോൾ കരുതിക്കൂട്ടി
പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് ആധാർ കാർഡും മറ്റ് സർട്ടിഫിക്കറ്റുകളും അത്യാവശ്യമായതിനാലാണ് ഡിസംബർ 8-ന് മാന്യയും വിവേകാനന്ദനും വീരാപൂരിലെ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തിയത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ മാന്യ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പിതാവും ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചായിരുന്നു ക്രൂരമായ മർദ്ദനം. മാന്യയെ രക്ഷിക്കാൻ ശ്രമിച്ച വിവേകാനന്ദന്റെ അമ്മ രേണവ്വയെയും ബന്ധുവായ സുഭാഷിനെയും പ്രതികൾ ക്രൂരമായി പരിക്കേൽപ്പിച്ചു. മാന്യയെ അക്രമിച്ച അതേസമയം മറ്റൊരു സംഘം വിവേകാനന്ദനെയും സഹോദരനെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഓടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ മാന്യയെ ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മാന്യയുടെ പിതാവ് പ്രകാശ്ഗൗഡ പാട്ടീൽ, വീരനഗൗഡ പാട്ടീൽ, അരുണഗൗഡ പാട്ടീൽ എന്നിവരെ ഹുബ്ബള്ളി റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി ധാർവാഡ് എസ്.പി ഗുഞ്ജൻ ആര്യ അറിയിച്ചു. മകൾ ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ ജാതി വെറിയുടെ പേരിൽ നടത്തിയ ഈ ക്രൂരത കർണാടകയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


