കണ്ണൂർ കൂത്തുപറമ്പിനടുത്ത് പൊയിലൂരിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ നിന്ന് ആറ് ബോംബുകൾ കണ്ടെത്തി. ഐസ്ക്രീം കണ്ടെയ്‌നറിൽ നിർമ്മിച്ച അഞ്ചെണ്ണമടക്കമുള്ള ബോംബുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് നിർവീര്യമാക്കി. ഈ സംഭവത്തിന് തൊട്ടുമുൻപ് പാനൂരില്‍ നിന്നും ബോംബുകൾ പിടിച്ചെടുത്തിരുന്നു.

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പൊയിലൂരിൽ ബോംബുകൾ കണ്ടെത്തി. ബോൾ ഐസ്‌ക്രീമിൻ്റെ ഒഴിഞ്ഞ കണ്ടെയ്‌നറിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ച് തയ്യാറാക്കിയ അഞ്ച് ബോംബുകളടക്കം ആറ് ബോംബുകളാണ് കണ്ടെത്തിയത്. പൊയിലൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോപ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഒരു ബക്കറ്റിൽ പകുതിയോളം മണൽ നിറച്ച് ഇതിന് മുകളിൽ നിരത്തി വെച്ച നിലയിലായിരുന്നു ബോംബുകൾ. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോംബുകൾ നിർവീര്യമാക്കിയതായാണ് വിവരം. സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്‌തതായി വിവരമില്ല. കഴിഞ്ഞ ദിവസം പാനൂർ ചിത്ര വയലിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തിരുന്നു.