ഇന്ത്യയിൽ യാത്രാ വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനം (AEBS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. 2032 ഒക്ടോബർ മുതൽ എം1 വിഭാഗത്തിലെ എല്ലാ കാറുകളിലും ഈ സംവിധാനം നിർബന്ധമാക്കാനാണ് നിർദേശം. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും ഉടൻ നടപ്പിലാക്കും.

ഇന്ത്യയിൽ യാത്രാ വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 2032 ഒക്ടോബർ 1 മുതൽ രാജ്യത്തെ എം1 വിഭാഗത്തിൽപ്പെടുന്ന എല്ലാ വാഹനങ്ങളിലും അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സിസ്റ്റം (എ.ഇ.ബി.എസ്.) നിർബന്ധമാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (മോർത്ത്) നിർദേശം. ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്ക് വരെ സഞ്ചരിക്കാവുന്ന വാഹനങ്ങളാണ് എം1 വിഭാഗത്തിൽ ഉൾപ്പെടുന്നത്. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ, 1989 ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ടവർക്ക് നിർദേശങ്ങളും എതിർപ്പുകളും സമർപ്പിക്കാം.

ആദ്യം പുതിയ മോഡലുകളിൽ, പിന്നീട് എല്ലാ കാറുകളിലും

പുതിയ നിർദേശമനുസരിച്ച് 2030 ഒക്ടോബർ 1 മുതൽ നിർമിക്കുന്ന എം1 വിഭാഗത്തിലെ പുതിയ വാഹന മോഡലുകളിൽ എ.ഇ.ബി.എസ്. നിർബന്ധമാക്കും. തുടർന്ന് 2032 ഒക്ടോബർ 1 മുതൽ നിലവിൽ ഉൽപ്പാദനത്തിലുള്ള മോഡലുകൾ ഉൾപ്പെടെ ഈ വിഭാഗത്തിലെ എല്ലാ വാഹനങ്ങൾക്കും വ്യവസ്ഥ ബാധകമാകും. റോഡപകടങ്ങളും അപകടമരണങ്ങളും കുറയ്ക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമാണിത്. 2030 ഓടെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.

എന്താണ് എ.ഇ.ബി.എസ്.?

അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സിസ്റ്റം എന്നത് ഡ്രൈവർ സഹായ സാങ്കേതികവിദ്യയായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന്റെ (എ.ഡി.എ.എസ്.) ഭാഗമാണ്. വാഹനത്തിന് മുന്നിലുള്ള തടസങ്ങളും കൂട്ടിയിടി സാധ്യതകളും തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയും. അപകടസാധ്യത തിരിച്ചറിഞ്ഞിട്ടും ഡ്രൈവർ സമയത്ത് ബ്രേക്ക് പ്രയോഗിച്ചില്ലെങ്കിൽ വാഹനം സ്വയം ബ്രേക്ക് ചെയ്ത് കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാനോ അപകടം ഒഴിവാക്കാനോ ശ്രമിക്കും. എം1, എൻ1 വിഭാഗങ്ങളിൽ എ.ഇ.ബി.എസ്. ഘടിപ്പിക്കുന്ന വാഹനങ്ങൾ 2028 ഒക്ടോബർ 1 മുതൽ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് എ.ഐ.എസ്.-185 പാലിക്കണമെന്നും കരട് നിർദേശത്തിലുണ്ട്. 3.5 ടൺ വരെ മൊത്തം ഭാരമുള്ള ചരക്കുവാഹനങ്ങളാണ് എൻ1 വിഭാഗത്തിൽ ഉൾപ്പെടുന്നത്.

സ്റ്റിയറിങ്, ലെയ്ൻ കീപ്പിങ് സംവിധാനങ്ങൾക്കും പുതിയ മാനദണ്ഡം

ഓട്ടോമാറ്റിക് ബ്രേക്കിങ്ങിന് പുറമെ സ്റ്റിയറിങ് സംവിധാനങ്ങൾക്കും ലെയ്ൻ കീപ്പിങ് സാങ്കേതികവിദ്യകൾക്കും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനും മോർത്ത് നിർദേശിച്ചിട്ടുണ്ട്. 2027 ഒക്ടോബർ 1 മുതൽ വാഹനങ്ങളിലെ സ്റ്റിയറിങ് പ്രവർത്തനത്തിനാവശ്യമായ ബലം എ.ഐ.എസ്.-193 മാനദണ്ഡങ്ങൾ പാലിക്കണം. സ്റ്റിയറിങ് വീൽ ഇല്ലാത്ത മോട്ടോർസൈക്കിളുകൾ, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ഈ വ്യവസ്ഥയിൽ ഇളവുണ്ടാകും. ഓട്ടോമാറ്റിക് കമാൻഡ് സ്റ്റിയറിങ് ഫങ്ഷനാലിറ്റീസ് (എ.സി.എസ്.എഫ്.) ഉള്ള എം1 വാഹനങ്ങളും ഇതേ തീയതി മുതൽ എ.ഐ.എസ്.-193 പാലിക്കണം. എമർജൻസി ലെയ്ൻ കീപ്പിങ് സിസ്റ്റം (ഇ.എൽ.കെ.എസ്.) ഘടിപ്പിച്ച വാഹനങ്ങൾ എ.ഐ.എസ്.-191 പാർട്ട് 1 പ്രകാരമുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടിവരും.

ടാക്സികളിലും ഡ്രൈവർ നിരീക്ഷണ സംവിധാനങ്ങൾ

2029 ഒക്ടോബർ 1 മുതൽ ഗതാഗത ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്ന എം1 വിഭാഗത്തിലെ വാഹനങ്ങളിൽ എ.സി.എസ്.എഫ്., ഇ.എൽ.കെ.എസ്. സംവിധാനങ്ങൾ നിർബന്ധമാക്കാനും കരട് വിജ്ഞാപനം നിർദേശിക്കുന്നു.

ഡ്രൈവർ ഉറങ്ങിപ്പോകുന്നത് തിരിച്ചറിയുന്ന സംവിധാനവും ഡ്രൈവറുടെ ശ്രദ്ധക്കുറവ് കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന സംവിധാനവും ടാക്സികളിൽ നിർബന്ധമാക്കുന്നതും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ദീർഘദൂര യാത്രകളിലും തിരക്കേറിയ നഗര ഗതാഗതത്തിലും ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലമുള്ള അപകടസാധ്യത കുറയ്ക്കുകയാണ് ഇത്തരം സംവിധാനങ്ങളുടെ ലക്ഷ്യം.

ട്രക്കുകളിലും ബസുകളിലും സുരക്ഷാ സംവിധാനങ്ങൾ

വാണിജ്യ വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികളും കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. പുതിയ ട്രക്ക്, ബസ് മോഡലുകളിൽ 2027 ജനുവരി മുതൽ എ.ഇ.ബി.എസ്. നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, വാഹനം മുന്നോട്ടെടുക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന സംവിധാനം, ഡ്രൈവറുടെ ക്ഷീണവും ഉറക്കവും തിരിച്ചറിയുന്ന സംവിധാനം, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് എന്നിവയും വാണിജ്യ വാഹനങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന സാങ്കേതികവിദ്യകളാണ്.

2027 മുതൽ ബ്രേക്കിങ് മാനദണ്ഡത്തിലും മാറ്റം

ട്രക്കുകൾക്കായി 2027 ഒക്ടോബർ 1 മുതൽ പുതുക്കിയ ബ്രേക്കിങ് മാനദണ്ഡം നടപ്പാക്കാനും മോർത്ത് നിർദേശിച്ചിട്ടുണ്ട്. വാഹനത്തിന്റെ സ്ഥിരത നിലനിർത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി.) സംവിധാനവും സുരക്ഷാ രംഗത്തെ പ്രധാന മാറ്റങ്ങളിലൊന്നാണ്. ബ്രേക്കിങ് സമയത്തും വളവുകളിലും വാഹനത്തിന്റെ നിയന്ത്രണം മെച്ചപ്പെടുത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

വാഹനങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുന്ന സംവിധാനവും വരുന്നു

പുതുതായി നിർമിക്കുന്ന എല്ലാ വാഹനങ്ങളിലും 2028 ഒക്ടോബർ 1 മുതൽ വെഹിക്കിൾ ടു വെഹിക്കിൾ (വി2വി) ആശയവിനിമയ സംവിധാനം നിർബന്ധമാക്കാനും മോർത്ത് നേരത്തെ നിർദേശിച്ചിരുന്നു.

ഈ സാങ്കേതികവിദ്യയിലൂടെ വാഹനങ്ങൾക്ക് അവയുടെ വേഗം, സ്ഥാനം, സഞ്ചാരദിശ തുടങ്ങിയ വിവരങ്ങൾ തത്സമയം പരസ്പരം കൈമാറാൻ കഴിയും. അപകടസാധ്യത നേരത്തേ തിരിച്ചറിയാനും ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാനും ഇത് സഹായിച്ചേക്കും. എ.ഇ.ബി.എസ്. ഉൾപ്പെടെയുള്ള ഡ്രൈവർ സഹായ സംവിധാനങ്ങളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനും വി2വി സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ എ.ഇ.ബി.എസ്. ഉൾപ്പെടെയുള്ള പുതിയ നിർദേശങ്ങൾ കരട് വിജ്ഞാപനത്തിന്റെ ഭാഗമാണ്. പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട മേഖലകളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനങ്ങളും നടപ്പാക്കൽ വ്യവസ്ഥകളും വ്യക്തമാകുക.