3.64 കോടി രൂപയുടെ തുറന്ന കാറില്‍ കുടുംബവുമൊത്ത് കറങ്ങാനിറങ്ങിയ താരത്തിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്‍റ്‍ലിയുടെ കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിൾ V8ല്‍ കറങ്ങാനിറങ്ങിയ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജ്ജുനിന്റെയും കുടുംബത്തിന്‍റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ സ്നേഹ റെഡ്ഡി, മക്കളായ അല്ലു ആയാൻ, അല്ലു അർഹ തുടങ്ങിയവരാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‍ത ഈ വീഡിയോയില്‍ അല്ലുവിനൊപ്പം ആഡംബര ടോപ്‌ലെസ് ടൂറർ ആയ ബെന്റ്ലി കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിളില്‍ ഉള്ളത്. 

ചുവപ്പ് നിറത്തിലുള്ള സ്‌പോർട്ടി കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിളില്‍ ആണ് താരകുടുംബത്തിന്‍റെ സഞ്ചാരം. ചുവപ്പ് നിറമാണ് ഇന്റീരിയർ അപ്ഹോൾസ്റ്ററിക്ക്. അതേസമയം കറുപ്പ് നിറത്തിലുള്ള അലോയ് വീലുകളാണ് വാഹനത്തില്‍.  4.0 ലിറ്റർ V8 ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ആണ് ഈ വാഹനത്തിന്‍റെ ഹൃദയം.  493 ബിഎച്പി പവറും, 660 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. 

അല്ലുവിന്റെ ഗ്യാരേജിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ആഡംബര കാർ ആണ് ബെന്റ്ലി കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിൾ. അതുകൊണ്ടു തന്നെ ഈ ബെന്റ്ലി കോണ്ടിനെന്റൽ ജിടി കൺവെർട്ടിബിൾ അല്ലു അർജുൻ വാങ്ങിയതാണോ എന്ന് വ്യക്തമല്ല.

അതേസമയം 2019ല്‍ണ് ഒരു റേഞ്ച് റോവർ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് അടുത്തിടെ ഈ റേഞ്ച് റോവറിനെ അദ്ദേഹം പുതുക്കിപ്പണിതതും വാര്‍ത്തയായിരുന്നു. വാഹന മോഡിഫിക്കേഷൻ, ട്യൂണിങ് രംഗത്തെ പ്രശസ്തരായ റേസ്ടെക് ആണ് അല്ലു അർജുനന്റെ ബീസ്റ്റിന്റെ മെയ്ക്ഓവറിന് പിന്നിൽ.  ഈ റേഞ്ച് റോവർ കൂടാതെ നിലവില്‍ ഒരു കൂട്ടം വാഹനങ്ങൾ കറുപ്പു നിറത്തെ ഏറെ സ്‍നേഹിക്കുന്ന അല്ലുവിന്റെ വാഹന ശേഖരത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Image Courtesy: Cartoq