Asianet News MalayalamAsianet News Malayalam

വരുന്നൂ പുതിയ രൂപത്തിൽ അംബാസഡർ 2.0

ഇപ്പോഴിതാ അംബാസഡർ പൂർണമായും പുതിയ കാറായി തിരിച്ചെത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

Ambassador Likely To Be Reintroduced In A New Avatar
Author
Mumbai, First Published May 28, 2022, 5:08 PM IST

രുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ കാറുകള്‍. രാജ്യം 'അംബി' എന്ന് ഓമനപ്പേരിട്ട് വിളിച്ച വാഹനം.  പിന്നീട് ആഗോളവല്‍ക്കരണത്തിന്‍റെ കുത്തൊഴുക്കില്‍ നിരത്തുകള്‍ കീഴടക്കിയ വിദേശ കുത്തക മോഡലുകളോടും മത്സരിക്കാനാവാതെ വന്നതോടെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു. ഇപ്പോഴിതാ അംബാസഡർ പൂർണമായും പുതിയ കാറായി തിരിച്ചെത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

അംബാസിഡറിനെപ്പറ്റി ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിയുമോ?

അംബസാസിഡറിനെ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ പ്യൂഷേ ഏറ്റെടുത്തത് 2017 ഫെബ്രുവരിയിലാണ്. അതോടെ അംബാസിഡറിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍വച്ചു.  ഇപ്പോഴിതാ, പുതിയ അംബാസഡറിന്റെ ഡിസൈനും എൻജിനുമെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പിഎസ്എ ഗ്രൂപ്പിൽനിന്ന് ലഭിക്കുന്ന വിവരം എന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ രൂപത്തിലും ഭാവത്തിലും അംബാസിഡർ 2.0 ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാര്‍ തന്നെ അവതരിപ്പിച്ച് അംബാസഡറിനെ വീണ്ടും വില്‍പനയ്‌ക്കെത്തിക്കാനാണ് സാധ്യത.

പിഎസ്എ ഗ്രൂപ്പിന് കീഴിൽ സിട്രോൺ സി5 എയർ ക്രോസ് എന്ന വാഹനം 2021 ഏപ്രിലിലാണ് വിപണിയിലെത്തിയത്. രണ്ടാമത്തെ വാഹനം സി 3 എയർ ക്രോസ് ഉടൻ വിപണിയിലെത്തും. അതിനു ശേഷമായിരിക്കും അംബാസഡറിന്റെ പുതിയ രൂപം എത്തുക. 2017 ലാണ് 80 കോടി രൂപയ്ക്ക് അംബാസഡര്‍ ബ്രാന്‍ഡും അനുബന്ധ വ്യാപാര മുദ്രകളും സി.കെ.ബിര്‍ല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ (എച്ച് എം) നിന്ന് പിഎസ്എ ഗ്രൂപ്പ്  സ്വന്തമാക്കിയത്. 

ഓസ്‍ട്രേലിയന്‍ റോഡില്‍ ആ ഹിന്ദുസ്ഥാൻ വണ്ടി, തടഞ്ഞുനിര്‍ത്തിയ ഇന്ത്യക്കാരന്‍ പറഞ്ഞത്..!

അതേസമയം അംബാസിഡര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ വാഹനമോഡലുകളുടെ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് നീണ്ട ഇടവേളയ്ക്ക് ശേഷം വിപണിയിലേക്ക് തിരിച്ചുവരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇലക്ട്രിക് വാഹന നിർമ്മാതാക്കളായിട്ടാണ് കമ്പനി തിരിച്ചുവരവിന് തയ്യാറെടുക്കുന്നതെന്ന് എന്നായിരുന്നു എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്‍തത്. 

കൊൽക്കത്തയിലെ പ്ലാന്റിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്നതിനായി കമ്പനി ഒരു യൂറോപ്യൻ ഇലക്ട്രിക് വാഹന കമ്പനിയുമായി കൈകോർത്തതായിട്ടാണ് റിപ്പോർട്ട്. തുടക്കത്തിൽ, കമ്പനി ഒരു ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായും പിന്നീട് ഇലക്ട്രിക് കാറുകളും കൊണ്ടുവരുമെന്നുമാണ് എച്ച്ടി ബംഗ്ളയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതുസംബന്ധിച്ച് ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകള്‍. എങ്കിലും, മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാകാൻ ഏകദേശം മൂന്ന് മാസമെടുക്കും. തുടക്കത്തിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിച്ച് തുടങ്ങുമെന്നും പിന്നീട് ഇലക്ട്രിക് കാറുകളും പുറത്തിറക്കാൻ പദ്ധതിയുണ്ടെന്നും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഡയറക്ടർ ഉത്തം ബസുവിനെ ഉദ്ധരിച്ച് എച്ച്ടി ബംഗ്ള റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സും യൂറോപ്യൻ ഇവി കമ്പനിയും തമ്മിലുള്ള 51:49 സംയുക്ത സംരംഭമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ഇലക്ട്രിക് കാർ വാങ്ങുന്നോ? ഇതാ 10 പ്രധാന കാരണങ്ങൾ

ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഒരു തിരിച്ചുവരവ് നടത്തുകയാണെങ്കിൽ, അത് ഇന്ത്യൻ വാഹന വ്യവസായത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും. പതിറ്റാണ്ടുകളുടെ മഹത്തായ നിർമ്മാണ ചരിത്രത്തിന് ശേഷം 2014-ൽ ആണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സിന്‍റെ പ്ലാന്‍റ് പ്രവർത്തനം അവസാനിപ്പിച്ചത്.  1970 കളിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് ഇന്ത്യൻ കാർ വിപണിയിൽ 75 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. നിർത്തലാക്കുന്നതിന് മുമ്പ് വളരെക്കാലം ഇന്ത്യൻ റോഡുകളെ ഭരിച്ചിരുന്ന ഐക്കണിക് അംബാസഡർ കാർ നിർമ്മിക്കുന്നത് ഈ പ്ലാന്‍റില്‍ ആയിരുന്നു.

Follow Us:
Download App:
  • android
  • ios