ദില്ലി: മകന് സേ പരീക്ഷ എഴുതാനായി 105 കിലോമീറ്ററോളം ദൂരം സൈക്കിളെത്തിയ പിതാവിന് സഹായവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സമൂഹമാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വൈറലായ പിതാവിനും മകനുമാണ് ആനന്ദ് മഹീന്ദ്രയുടെ സഹായമെത്തുന്നത്. മധ്യപ്രദേശ്  സ്വദേശിയായ ശോഭാറാമിന്റെ മകന്‍ ആശിഷിന്‍റെ തുടര്‍ പഠനത്തിനുള്ള ചെലവാണ് ആനന്ദ് മഹീന്ദ്ര ഏറ്റെടുത്തത്.  

കുട്ടിയ്ക്ക് പഠന സഹായം നല്‍കുമെന്ന ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനത്തിന് പിന്തുണച്ച് ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ നവ്നീത് ശേഖര്‍ ട്വീറ്റ് ചെയ്തു. പത്താംക്ലാസുകാരനായ മകന് ഒരു വര്‍ഷം നഷ്ടമാകാതിരിക്കാനായാണ് മധ്യപ്രദേശിലെ ബേയിഡിപൂര്‍ സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ശോഭാറാം ഓഗസ്റ്റ് 17നാണ് വീട്ടില്‍ നിന്ന് ഏറെ അകലെയുള്ള ദര്‍ എന്ന സ്ഥലത്തേക്ക് മകനുമൊന്നിച്ച് സൈക്കിള്‍ ചവിട്ടിയത്.

മകന് സേ പരീക്ഷ എഴുതണം; പിതാവ് സൈക്കിളില്‍ 8 മണിക്കൂര്‍ കൊണ്ട് താണ്ടിയത് 105 കിലോമീറ്റര്‍

എട്ട് മണിക്കൂര്‍ സമയമെടുത്താണ് ഈ ദൂരം മുപ്പത്തൊമ്പതുകാരനായ ശോഭാറാം പിന്നിട്ടത്. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ കീഴിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആദ്യശ്രമത്തില്‍ പത്താം ക്ലാസില്‍ നഷ്ടപ്പെട്ട വിഷയം വീണ്ടും എഴുതിയെടുക്കാനുള്ള റിക് ജാനാ നഹി എന്ന പദ്ധതി അനുസരിച്ചായിരുന്നു ശോഭാറാമിന്‍റെ മകന്‍ ആശിഷ് പരീക്ഷയെഴുതാനായി എത്തിയത്.