സൈറസ് മിസ്ത്രി പിൻസീറ്റിലായിരുന്നെന്നും ആ സമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

ദില്ലി: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ പ്രതിജ്ഞയുമായി മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. "കാറിന്റെ പിൻസീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കാൻ ഞാൻ തീരുമാനിക്കുന്നു. കൂടാതെ ആ പ്രതിജ്ഞയെടുക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മൾ എല്ലാവരും നമ്മുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു," ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിൽ പറയുന്നു. സൈറസ് മിസ്ത്രി പിൻസീറ്റിലായിരുന്നെന്നും ആ സമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Scroll to load tweet…

മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച മെഴ്സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ മിസ്ത്രിയടക്കം രണ്ടുപേര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു ഇവർ.

സൈറസ് മിസ്ത്രിയുടെ അപകടമരണം: കാര്‍ പോയത് അമിത വേഗതയിൽ, 20 കിലോമീറ്റര്‍ പിന്നിട്ടത് ഒൻപത് മിനിറ്റിൽ

മുംബൈയിലെ ഗൈനോക്കളജിസ്റ്റായ അനഹിത പണ്ടോളയാണ് കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ക്കൊപ്പം മുൻനിരയിലുണ്ടായിരുന്നത് ഭര്‍ത്താവായ ഡാരിയസ് പണ്ടോളയാണ്. അപകടത്തിൽ പരിക്കേറ്റ ഇരുവരും ഇപ്പോൾ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്. സൈറസ് മിസ്ത്രിയുടേയും ജാഹംഗീര്‍ പണ്ടോളിൻ്റേയും മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

'വ്യവസായ ലോകത്തിന് വന്‍ നഷ്ടം'; മിസ്ത്രിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ സൂര്യനദിക്ക് കുറുകയുള്ള പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് ഇടതുവശത്തൂടെ മറികടക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയും ഡിവൈഡറിൽ ഇടിച്ച് മലക്കം മറിയുകയുമായിരുന്നു. ഈ സമയത്ത് കാറിനകത്ത് ഉണ്ടായിരുന്ന സൈറസ് മിസ്ത്രി പുറത്തേക്ക് തെറിച്ചു പോയി. ഈ വീഴ്ചയിലുണ്ടായ പരിക്കാണ് അദ്ദേഹത്തിൻ്റെ മരണത്തിന് കാരണമായത്. വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരണം ഞെട്ടിച്ചെന്നും വ്യവസായ-വാണിജ്യ ലോകത്തിന് വലിയ നഷ്ടമാണെന്നും മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ച ആളായിരുന്നു സൈറസ് മിസ്ത്രിയെന്നും മോദി വ്യക്തമാക്കി.