കൊറോണക്കാലത്ത് വ്യത്യസ്തമായ റൂട്ട് മാപ്പ് പ്രദർശിപ്പിച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. 

വീടുകളില്‍ സ്വയം നിയന്ത്രണത്തില്‍ കഴിയുന്ന ആളുകള്‍ക്കായാണ് അദ്ദേഹം ഈ പ്രത്യേക മാപ്പ് അവതരിപ്പിക്കുന്നത്.  കൊറോണ കാലത്തെ യാത്രകള്‍ എന്ന പേരു നല്‍കിയ ഈ മാപ്പില്‍ ഈ സാഹചര്യത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാണ് അദ്ദേഹം രസകരമായി അടയാളപ്പെടുത്തിയിരിക്കുന്നത്. 

മെട്രോ മാപ്പിന് സമാനമായാണ് അദ്ദേഹം വീട്ടിലെ മാപ്പ് ഒരുക്കിയിരിക്കുന്നത്. വീട്ടിലെ ഓരോ ഭാഗങ്ങള്‍ക്കും മെട്രോ സ്‌റ്റേഷനുകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ലിവിങ്ങ് റൂമാണ് ഡൗണ്‍ടൗണ്‍ സ്‌റ്റേഷന്‍, ഡൈനിങ്ങ് റൂം ക്രൗഫോര്‍ഡ് സ്‌റ്റേഷനുമാണെന്നാണ് അദ്ദേഹം മാപ്പിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. 

ബാത്ത്‌റൂം, മെയില്‍ബോക്‌സ്, ബെഡ്‌റൂം, ബുക്ക്‌ഷെല്‍ഫ്, ഫ്രിഡ്ജ്, ഷവര്‍, കിച്ചണ്‍, ടിവി തുടങ്ങിയ റൂമുകളെല്ലാം അദ്ദേഹം മാപ്പില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹം ഈ ചിത്രം പങ്കുവെച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അത് വൈറലാകുകയായിരുന്നു.