ഹൈ പെര്‍ഫോമന്‍സ് ഫ്‌ളാഗ്ഷിപ്പ് എസ് യുവിയായ ആര്‍എസ് ക്യു8 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി എന്ന് റിപ്പോര്‍ട്ട്. നിലവില്‍ പരിഗണിക്കുന്ന വിഷയങ്ങളിലൊന്ന് ഇതുതന്നെയാണെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔഡി ആര്‍എസ് ക്യു8 കൊണ്ടുവരണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നതായും ഇതേക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2020 ജനുവരിയിലാണ് ഔഡി ക്യു8 ഇന്ത്യയിലെ ഷോറൂമുകളില്‍ എത്തിയത്. 

ഔഡി ആര്‍എസ് നിരയിലെ ഏറ്റവും പ്രധാനിയാണ് ആര്‍എസ് ക്യു8. അതുകൊണ്ടുതന്നെ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഏറ്റവും ശേഷിയുള്ള എന്‍ജിനുകളിലൊന്ന് നല്‍കി. 4.0 ലിറ്റര്‍, ടിഎഫ്എസ്‌ഐ ബൈ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 600 പിഎസ് പരമാവധി കരുത്തും 2,200 നും 4,500 നുമിടയില്‍ ആര്‍പിഎമ്മില്‍ 800 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം കൂടെ നല്‍കി. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് കാറിന്റെ എന്‍ജിനുമായി സ്റ്റാന്‍ഡേഡായി 8 സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.8 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തി. എന്നാല്‍ ഇത് 305 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ കഴിയും.

ജര്‍മനിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഔഡി ആര്‍എസ് ക്യു8 മോഡലിന് ഇന്ത്യയില്‍ 1.04 കോടി രൂപ വില വരും. എന്നാല്‍ 2.25 കോടി രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.

കഴിഞ്ഞ ദിവസമാണ് ഔഡി ഇന്ത്യ ഉപഭോക്തക്കൾക്കായി ഡിജിറ്റൽ വിൽപ്പന, സേവന പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. തങ്ങളുടെ വാഹനങ്ങളുടെ ഓൺലൈൻ ബുക്കിംഗുകളും ഔഡി സ്വീകരിച്ചുതുടങ്ങി. നിലവിൽ ഇന്ത്യൻ നിരയിൽ A6 സെഡാൻ, മുൻനിര A8 L സെഡാൻ, Q8 എസ്‌യുവി എന്നീ മൂന്ന് വാഹനങ്ങൾ ആണ് ഉള്ളത്.  360 ഡിഗ്രി, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവയിലൂടെ വാഹനത്തിന്റെ വിശദാംശങ്ങൾ ഔഡി വെബ്സൈറ്റിൽ ഉപഭോക്താവിനായി ഒരുക്കിയിട്ടുണ്ട്. www.audiindia.in/audishop എന്ന വെബ്സൈറ്റിലൂടെ കാറുകൾ വാങ്ങാം. വിൽപന, വിൽപനാനന്തര സേവനം എന്നിവ ഓൺലൈൻ ആയി ലഭ്യമാകും.