ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി ഹൈ പെര്‍ഫോമന്‍സ് ഫഌഗ്ഷിപ്പ് എസ് യുവിയായ ആര്‍എസ് ക്യു 8 ഇന്ത്യയിലേക്ക് എത്തുന്നതായി കഴിഞ്ഞ കുറച്ചുകാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ഔഡി പുതിയ ആര്‍എസ് ക്യു 8 ന്റെ ടീസര്‍ പുറത്തിറക്കി. വാഹനത്തിന്റെ ലോഞ്ചിംഗ് ഉടന്‍ നടക്കുമെന്ന സൂചന നല്‍കിയാണ് മോഡലിന്റെ ടീസര്‍ വീഡിയോ കമ്പനി പങ്കിട്ടത്.

2019 ലോസ് ഏഞ്ചലസ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച ഔഡി ആര്‍എസ് ക്യു 8 നര്‍ബര്‍ഗ്രിംഗിലെ ഏറ്റവും വേഗമേറിയ എസ്‌യുവിയാണ്.  ഔഡി ആര്‍എസ് നിരയിലെ ഏറ്റവും പ്രധാനിയാണ് ആര്‍എസ് ക്യു8. അതുകൊണ്ടുതന്നെ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഏറ്റവും ശേഷിയുള്ള എന്‍ജിനുകളിലൊന്ന് നല്‍കി. 4.0 ലിറ്റര്‍, ടിഎഫ്എസ്‌ഐ ബൈ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 600 പിഎസ് പരമാവധി കരുത്തും 2,200 നും 4,500 നുമിടയില്‍ ആര്‍പിഎമ്മില്‍ 800 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം കൂടെ നല്‍കി. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് കാറിന്റെ എന്‍ജിനുമായി സ്റ്റാന്‍ഡേഡായി 8 സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.8 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തി. എന്നാല്‍ ഇത് 305 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ കഴിയും.

കാഴ്ചയിലും ആര്‍എസ് ക്യു 8 മോഡല്‍ ഓഡി ക്യു 8ല്‍ നിന്നും വ്യത്യസ്തമാണ്. പൂര്‍ണമായും കറുപ്പില്‍ പൊതിഞ്ഞ 'സിംഗിള്‍ഫ്രെയിം' ഗ്രില്ലും വലിപ്പം കൂടിയ ഫ്രണ്ട് എയര്‍ ഡാമും ആര്‍എസ് ക്യു 8ന്റെ പ്രത്യേകതകളാണ്. പ്രത്യേകം തയ്യാറാക്കിയ സൈഡ് സില്‍സ്, കൂടുതല്‍ ഡൗണ്‍ഫോഴ്‌സ് നല്‍കുന്ന ആര്‍ എസ് റൂഫ് സ്‌പോയ്‌ലര്‍, റിയര്‍ ഡിഫിയൂസര്‍, വലിപ്പം കൂടിയ ക്വാഡ് എക്‌സ്‌ഹോസ്റ്റ്, 22 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ്.

ഓഡി സ്‌പോര്‍ട്ട് ബാഡ്ജിങ്, വലിപ്പം കൂടിയ ഡിസ്‌പ്ലേ, ലെതര്‍ അല്‍കണ്‍റ്റാര സ്‌പോര്‍ട്‌സ് സീറ്റുകള്‍, ആര്‍ എസ് ലെതര്‍ കവറിങ് ഉള്ള സ്‌പോര്‍ട്ട് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണങ്ങള്‍. ഉപഭോക്താവിന്റെ ഇഷ്ടം അനുസരിച്ച് ധാരാളം കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ആര്‍എസ് ക്യു 8 ഓഡി ഒരുക്കിയിട്ടുണ്ട്. എക്സ്റ്റീരിയറിലെ ആകര്‍ഷണങ്ങള്‍. വലിപ്പം കൂടിയ 23ഇഞ്ച് വീല്‍ ഓപ്ഷണല്‍ ആയി തിരഞ്ഞെടുക്കാം.

ജര്‍മനിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഔഡി ആര്‍എസ് ക്യു8 മോഡലിന് ഇന്ത്യയില്‍ 1.04 കോടി രൂപ വില വരും. എന്നാല്‍ 2.25 കോടി രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. 2020 ജനുവരിയിലാണ് ഔഡി ക്യു8 ഇന്ത്യയിലെ ഷോറൂമുകളില്‍ എത്തിയത്.