ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി. നിലവിൽ അമേരിക്കൻ വിപണിക്കായി മാത്രമായാണ് ഇരു മോഡലുകളും എത്തിയിരിക്കുന്നത്. SSR മോട്ടോർസ്പോർട്‍സ് / ബെനലി ഡീലർഷിപ്പുകളിലൂടെയായിരിക്കും ബൈക്കുകൾ ലഭ്യമാവുക. 5,999 യുഎസ് ഡോളറാണ് (ഏകദേശം 4.42 ലക്ഷം രൂപ) പുതിയ TRK502 പതിപ്പിന് വില. ഓഫ്-റോഡ് അധിഷ്ഠിത TRK502X മോഡലിന് 6,399 യുഎസ് ഡോളറാണ് (ഏകദേശം 4.72 ലക്ഷം രൂപ) വില.

ഒരേ 499.6 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ ബെനലി TRK502, TRK502X എന്നിവ ഉപയോഗിക്കുന്നത്. ലിക്വിഡ്-കൂൾഡ് മോട്ടോറാണ് ഇത്. മാത്രമല്ല, DOHC സജ്ജീകരണവും സിലിണ്ടറിന് 4-വാൽവുമാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ വ്യത്യസ്ത റോഡ് സാഹചര്യങ്ങളിലൂടെ യാത്രക്കാരെ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കും. രണ്ട് TRK502 മോഡലുകളും ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

വലിപ്പമുള്ള വിൻഡ്‌സ്ക്രീൻ, 20 ലിറ്റർ ഫ്യുവൽ ടാങ്ക്, TRK502-ൽ 800 mm സീറ്റ് ഉയരവും, 190 mm ഗ്രൗണ്ട് ക്ലിയറൻസും TRK502X-ൽ 838 mm സീറ്റ് ഉയരവും 218 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ബെനലി വാഗ്ദാനം ചെയ്യുന്നത്. ബൈക്കുകളുടെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് 134 mm സസ്പെൻ ട്രാവലുള്ള 50 mm കട്ടിയുള്ള അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ പ്രീ-ലോഡ്, കംപ്രഷൻ, റീബൗണ്ട് അഡ്ജസ്റ്റബിളിറ്റി എന്നിവയുള്ള ഒരു മോണോഷോക്ക് യൂണിറ്റുമാണ് ബെനലി ഒരുക്കിയിരിക്കുന്നത്. പുതിയ TRK502 മോഡലുകൾക്കായി സമർപ്പിത ഹാർഡ് കേസ് ലഗേജ് ഓപ്ഷനുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.