ആംബുലൻസിന്റെ വഴി തടയുന്ന ബിജെപി നേതാവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പശ്‍ചിമ ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഈ മാസം എട്ടാം തീയതി ബംഗാളിലെ നദിയ ജില്ലയിൽ റാലിക്കിടെ നടന്ന സംഭവത്തിന്‍റേതാണ് വീഡിയോ. 

ആ സമയത്ത് അതുവഴി വന്ന ആംബുലൻസിനോട് വെറേ വഴി പോകാൻ ദിലീപ് ഘോഷ് ആവശ്യപ്പെടുകയായിരുന്നു. ‘ഇവിടെ  മീറ്റിങ്ങ് നടക്കുകയാണ് വേറെ വഴി പോകൂ...’ എന്ന് ഘോഷ് പറയുന്നത് വീഡിയോയില്‍ കാണാം. 

സംഭവം വിവാദമായതിനെ തുടർന്ന് അലങ്കോലമാക്കാന്‍ ആംബുലന്‍സ് തൃണമൂല്‍ കോണ്‍ഗ്രസ് അയച്ചതാണെന്നാണ് ദിലീപ് ഘോഷിന്റെ ന്യായീകരണം. അല്ലെങ്കില്‍ പിന്നെ ഇതുപോലെ ഒരു സമ്മേളനം നടക്കുമ്പോള്‍ ആംബുലന്‍സ് എവിടെ നിന്നും വന്നെന്നാണ് ഘോഷ് ചോദിക്കുന്നത്. സൈറന്‍ മുഴക്കി ആംബുലന്‍സ് എത്തുമ്പോള്‍ റോഡിലെ തിരക്കുകളോ വാഹനങ്ങളോ പരിഗണിക്കേണ്ടതില്ല എന്നതാണ് നിയമം. 

അടുത്തിടെ ഗതാഗത നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ ആംബുലന്‍സിന് വഴി നല്‍കാത്തത് കടുത്ത നിയമനിയമലംഘനമാണ്. ആദ്യഘട്ടത്തില്‍ ഈ കുറ്റത്തിന് 10,000 രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. പിന്നീട് ഇത് 5000 ആക്കി കുറച്ചു. ആംബുലന്‍സിനെ കൂടാതെ അടിയന്തരവാഹനങ്ങള്‍ക്കു വഴി നല്‍കിയില്ലെങ്കിലും ഈ ശിക്ഷ നല്‍കാനാണ് ബില്ലിലെ നിര്‍ദേശം. 

പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന ദിലീപ് ഘോഷിന്‍റെ പ്രസ്‍താവനയും അടുത്തിടെ വിവാദമായിരുന്നു.