ബെംഗളുരു: ബെംഗളുരുവിലെ ട്രാഫിക് സിഗ്നലുകളിലൊന്ന് തകര്‍ന്നിട്ടുണ്ട്. കാരണം ആഢംബര കാറുകളിലൊന്നായ ലംബോര്‍ഗിനി ഇടിച്ചതാണ്. ഔഡിക്കും പോര്‍ഷെക്കുമൊപ്പം പാഞ്ഞെത്തിയ ലംബോര്‍ഗിനി ഇടത്തേക്ക് തിരിച്ചത് മാത്രമേ ചുറ്റും നിന്നവര്‍ക്കും ഓര്‍മ്മയുള്ളൂ. സെക്കന്‍റുകള്‍കൊണ്ട് വാഹനം നിയന്ത്രണം വിട്ട് ട്രാഫിക് പോസ്റ്റില്‍ ഇടിച്ചു. 

അപകടത്തിന്‍റെ ആറ് സെക്കന്‍റ് മാത്രമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തൊട്ടടുത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തിലെ ഡ്രൈവര്‍ വാഹനത്തിന്‍റെ വേഗം കുറച്ചതുകൊണ്ട് വലിയ അപകടം ഒഴിവായി. ബെംഗളുരുവിലെ ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കിന്‍റെ ഉടമയുടെ മകന്‍ സണ്ണി സബര്‍വാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 

ഇടിച്ച് തകര്‍ന്ന ട്രാഫിക് പോസ്റ്റിന് മുന്നില്‍ പോസ് ചെയ്യുന്ന തന്‍റെ ചിത്രം സണ്ണി സബര്‍വാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇത് നീക്കി. ഈ ആഢംബരക്കാറിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. സണ്ണിയെ അറസ്റ്റ് ചെയ്തുവെന്നും ഇയാള്‍ പിന്നീട് ജാമ്യത്തില്‍ പോയെന്നും പൊലീസ് വ്യക്തമാക്കി.