ഈ വര്‍ഷത്തെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യയില്‍ പുതിയ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ ബുക്കിംഗ് തുടരുന്നു . പരിഷ്‌കരിച്ച മോഡല്‍ ഇതിനകം ഇന്ത്യാ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്‍തിട്ടുണ്ട്. അധികം വൈകാതെ വിപണിയില്‍ അവതരിപ്പിച്ചേക്കും.

മള്‍ട്ടി ബീം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, വജ്രങ്ങള്‍ പതിപ്പിച്ചതെന്ന് തോന്നിപ്പിക്കുന്നതും സിംഗിള്‍ സ്ലാറ്റ് നല്‍കിയതുമായ ഗ്രില്‍, പുതിയ എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, ഡുവല്‍ ടിപ്പ് എക്‌സോസ്റ്റ് എന്നിവ പുതിയ ജിഎല്‍എ ക്ലാസിന്റെ പുറമേ കാണുന്ന വിശേഷങ്ങളാണ്. കാറിനകത്ത്, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളിച്ച വലിയ ഡിജിറ്റല്‍ ഡിസ്‌പ്ലേ കാണാം. എംബിയുഎക്‌സ് സിസ്റ്റം സവിശേഷതയാണ്. പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഈസി പാക്ക് ടെയ്ല്‍ഗേറ്റ്, വേരിയോ സീറ്റ് ഫംഗ്ഷന്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. മെമ്മറി ഫംഗ്ഷന്‍ ലഭിച്ച മുന്നിലെ സീറ്റ് ക്രമീകരിക്കാന്‍ കഴിയും.

പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍ സംബന്ധിച്ച്, നിലവിലെ അതേ 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ തുടര്‍ന്നേക്കും. അന്താരാഷ്ട്ര വിപണികളില്‍ ലഭിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഒരുപക്ഷേ നല്‍കും. എഎംജി വേരിയന്റ് പിന്നീട് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.