Asianet News MalayalamAsianet News Malayalam

തൊപ്പി പറന്നപ്പോള്‍ ബൈക്കിന് സഡന്‍ ബ്രേക്ക്; പൊലിഞ്ഞത് യുവാവിന്‍റെ ജീവന്‍!

യാത്രയ്ക്കിടെ തൊപ്പി പറന്നു പോയതിനെത്തുടർന്ന് സഡന്‍ ബ്രേക്ക് ചെയ്‍ത ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ച സംഭവം അത്തരത്തിലൊന്നാണ്. 

Bike Accident And Death
Author
Trivandrum, First Published Jun 13, 2020, 12:05 PM IST

ഏകദേശം നൂറോളം വാഹനാപകടങ്ങൾ ദിനംപ്രതി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അപകടങ്ങളിൽപ്പെടുന്നതില്‍ ഏറെയും  ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം ദുരന്തങ്ങളില്‍ ചിലത് നമ്മെ വേദനിപ്പിക്കുന്നതിനൊപ്പം അമ്പരപ്പിക്കുകയും ചെയ്യും. അശ്രദ്ധ മൂലമോ അജ്ഞത കൊണ്ടോ ഒക്കെ സംഭവിക്കുന്നതാവും പല അപകടങ്ങളും. 

യാത്രയ്ക്കിടെ തൊപ്പി പറന്നു പോയതിനെത്തുടർന്ന് സഡന്‍ ബ്രേക്ക് ചെയ്‍ത ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ച സംഭവം അത്തരത്തിലൊന്നാണ്. തലസ്ഥാന നഗരയില്‍ നാവായിക്കുളം - തുമ്പോട് റോഡിൽ ഐറ്റിൻച്ചിറയ്ക്കു സമീപം വെള്ളിയാഴ്ച  രാവിലെ ഏഴോടെയാണ്‌ അപകടം. നാവായിക്കുളം പലവക്കോട് മരുതിക്കുന്ന് എഫ്.എസ്.മൻസിലിൽ ഫസിലുദ്ദീൻ,സുലൈഖാബീവി ദമ്പതികളുടെ മകൻ മുഹമ്മദ്ഫൈസി(19) ആണ് മരിച്ചത്. അപകടത്തില്‍ സഹയാത്രികരായ രണ്ടു പേർക്ക് സാരമായി പരുക്കേറ്റു. 

മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. തട്ടുപാലം ആസിഫ് മൻസിലിൽ ആസിഫ്(16),നാവായിക്കുളം ഈഞ്ചവിളയിൽ ഉമറുൽ ഫാറൂഖ്(15)എന്നിവർക്കാണു പരുക്ക്. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട്  ബൈക്കിൽ പോകുകയായിരുന്നു മൂവരും. ഇതിനിടെ ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ്ഫൈസിയുടെ തൊപ്പി കാറ്റിൽ പറന്നു പോയി. ഇത് പിടിക്കാനായി ബൈക്ക് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. 

ഇതോടെ നിയന്ത്രണം വിട്ട് അടുത്തുള്ള വീടിന്റെ മതിലിൽ ഇടിച്ച ശേഷം ബൈക്ക് താഴ്ചയിലുള്ള പുരയിടത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മുഹമ്മദ് ഫൈസിക്ക് തലക്കാണ് ഗുരുതരമായി പരുക്കേറ്റത്.  കല്ലിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ ഫൈസിയെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബൈക്ക് യാത്രികരേ ഒന്നു ശ്രദ്ധിക്കൂ
അപകടങ്ങളെക്കുറിച്ചുള്ള വേദനിക്കിടയിലും ബൈക്ക് യാത്രക്കിടെ നമ്മള്‍ മറന്നുപോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അപകടങ്ങളെപ്പറ്റി പറയുമ്പോള്‍ ചിലരെങ്കിലും ചോദിക്കും നമ്മള്‍ മാത്രം ശ്രദ്ധിച്ചിട്ട് എന്താണ് കാര്യം എന്ന്. നമ്മളെ നമ്മള്‍ പോലും ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ ആരാണ് സൂക്ഷിക്കുക. അപ്പോള്‍ നമ്മള്‍ തന്നെ പരമാവധി സൂക്ഷിക്കുക. ബൈക്കോടിക്കുന്നതിനിടെ ചെറിയൊരു അശ്രദ്ധ മതി ജീവനും ജീവിതവും നഷ്‍ടമാകാന്‍. അതുകൊണ്ട് ബൈക്ക് യാത്രികര്‍ ഇനി പറയുന്ന കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ബൈക്കപകടങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം അല്‍പ്പമെങ്കിലും കുറയ്ക്കാം. 

1. അമിത വേഗത
ബൈക്ക് എപ്പോഴും  40 മുതല്‍ 50 കിമീ വരെ വേഗത്തിലോടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. അതുപോലെ പരിചിതമല്ലാത്ത വഴികളിൽ അധികം വേഗമെടുക്കരുത്. വലിയ ഗട്ടറും ഹമ്പുമൊക്കെ ഏതുറോഡിലും പ്രതീക്ഷിക്കാം. റോഡിൻറെ എഡ്ജ് എപ്പോഴും അപകടകരമാണ്. ഇതിലിലൂടെ ഓടിച്ചുകയറ്റുമ്പോൾ ബാലൻസ് നഷ്ടമാകാതെ സൂക്ഷിക്കുക. പെട്ടെന്നുള്ള വേഗമെടുക്കലും സഡൻബ്രേക്കിങ്ങും ഒഴിവാക്കുക. റോഡിൻറെ ദൂരക്കാഴ്ച കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം വേഗമെടുക്കുക. കുറച്ച് ദൂരത്തേക്കേ റോഡ് കാണാനാവുന്നുള്ളൂവെങ്കിൽ കുറഞ്ഞ വേഗത്തിൽ പോകുക.

2. ഓവർടേക്ക് ചെയ്യുമ്പോൾ
ബൈക്കപകടങ്ങളിലേറെയും നടക്കുന്നത് ഓവർടേക്കിങ് സമയത്താണെന്നതാണ് സത്യം. വളവ്, സീബ്രാക്രോസിങ്, കയറ്റം എന്നീ സാഹചര്യങ്ങളിൽ ഓവർടേക്കിങ് ഒഴിവാക്കുക. നിശ്ചിത സമയം കൊണ്ട് കടന്നുപോകാമെന്നു ഉറപ്പുള്ള അവസരങ്ങളിൽ മാത്രം ഓവർടേക്കുചെയ്യുക. 

3. ബസിനെ സൂക്ഷിക്കുക
സ്റ്റോപ്പിൽ നിർത്തിയശേഷം മുന്നോട്ടെടുക്കുമ്പോൾ വലത്തേക്ക് വെട്ടിക്കുന്നസ്വഭാവം മിക്ക ബല് ഡ്രൈവർമാർക്കുണ്ട്. ഇതു മുന്നിൽ കണ്ടു അൽപ്പം അകലം പാലിച്ചു ബൈക്ക് ഓവർടേക്കുചെയ്യുക. അതുപോലെ ബസ്, ലോറി എന്നിവയുടെ വശം ചേർന്ന് നീങ്ങരുത്. വലുപ്പം കുറവായതിനാൽ ഇരുചക്രവാഹനങ്ങൾ വലിയ വണ്ടിക്കാരുടെ ശ്രദ്ധയിൽ പെട്ടെന്നു വരില്ല. ഒന്നുകിൽ ഓവർടേക്ക് ചെയ്തുപോവുക. അല്ലാത്ത പക്ഷം പിന്നാലെ നീങ്ങുക. ഓവർടേക്ക് ചെയ്യുമ്പോൾ ഹോൺ അടിച്ചും ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ചുമൊക്കെ സൂചന നൽകുക

4. തൊട്ടുചേർന്നു പോവരുത്
ബസുകളുടെ, പ്രത്യേകിച്ച് കെഎസ്ആർടിസിയുടെ, ടിപ്പർ ലോറികളുടെയും തൊട്ടുപിന്നാലെയുള്ള യാത്ര ഒഴിവാക്കുക. പലപ്പോഴും അവയുടെ ബ്രേക്ക് ലൈറ്റുകളും ഇൻഡിക്കേറ്ററുകളും പ്രവർത്തനക്ഷമമല്ലാത്തതിനാൽ അടുത്ത നീക്കമെന്തെന്നു മനസ്സിലാവാതെ പോകും. ബ്രേക്ക് ചവിട്ടിയാൽ നിൽക്കാനാവശ്യമായ അകലം പാലിച്ചു നീങ്ങുക.

5. ഹെൽമെറ്റ് നിർബന്ധം
ഇരുചക്രവാഹനാപകടങ്ങളിലെ മരണസാധ്യത 29 ശതമാനം കുറയ്ക്കാൻ ഹെൽമെറ്റുകൾക്കു കഴിയും. തലയ്ക്കു ഗുരുതരമായി പരുക്കേൽക്കാനുള്ള സാധ്യത 67 ശതമാനം ഇതില്ലാതാക്കും. പൊലീസ് പിടിക്കാതിരിക്കാന്‍ ഹെൽമെറ്റ് വെറുതെ തലയിൽ കമിഴ്ത്തിയാൽ പോരാ. സ്ട്രാപ്പുകൾ ശരിയായി ലോക്കിടുക. 

6. വളവ് വീശുമ്പോൾ
സ്കൂട്ടറുകൾക്ക് ചെറിയ ടയറുകളായതിനാൽ ഉയർന്ന വേഗത്തിൽ വളവുകൾ വേണ്ടതുപോലെ തിരിഞ്ഞുകിട്ടില്ല. വേഗം കുറച്ചുമാത്രം വളവുകൾ വീശുക. റോഡിലെ വളവുകളുടെ സ്വഭാവം കാണിക്കുന്ന സൈൻ ബോർഡുകൾ ശ്രദ്ധിക്കുക പ്രത്യേകം ശ്രദ്ധിക്കണം.

7. ഇന്‍ഡിക്കേറ്ററുകള്‍
ഏതെങ്കിലും വശത്തേക്കു തിരിയുമ്പോൾ ടേൺ ഇൻഡിക്കേറ്ററുകൾ കൃത്യമായി ഇടണം. ഉപയോഗശേഷം ടേൺ ഇൻഡിക്കേറ്ററുകൾ നിർത്താൻ ഓർമിക്കുക. ഇൻഡിക്കേറ്ററിനൊപ്പം ബസർ ഫിറ്റ് ചെയ്താൽ ഇൻഡിക്കേറ്റർ ഓണാണെന്ന് ശബ്ദത്തിലൂടെ തിരിച്ചറിയാം. 

8. സൈഡ് സ്റ്റാന്‍ഡ്
ടൂ വീലറുകളിൽ കയറിയാലുടൻ സൈഡ് സ്റ്റാൻഡ് നീക്കാൻ ശ്രദ്ധിക്കുക. പലപ്പോഴും ശരിയായി നിവർക്കാത്തസൈഡ് സ്റ്റാൻഡ് അപകടമുണ്ടാക്കാറുണ്ട്. 

9. ഇടവഴികള്‍
തിരക്കുള്ള സമയങ്ങളിൽ താരതമ്യേന ഗതാഗതം കുറഞ്ഞ ഇടവഴികൾ തിരഞ്ഞെടുക്കുക.

10. റോഡരികിലെ വാഹനങ്ങളുടെ ഡോറുകള്‍
റോഡരികിൽ പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങളോടു ചേർന്ന് ബൈക്ക് ഓടിക്കരുത്. ആരെങ്കിലുംപുറത്തിറങ്ങാനായി ഡോറുതുറന്നാൽഅകടമുണ്ടാകും. ഇത്തരം അരപകടങ്ങല്‍ അടുത്തകാലത്തായി പതിവാണ്.

11. ഓവർലോഡ് പാടില്ല
രണ്ടു പേർക്കു യാത്ര ചെയ്യാനുള്ള വാഹനമാണ് ടൂവിലർ. യാതൊരു കാരണവശാലും അതിലേറെ ആളുകളെ കയറ്റരുത്.

12. ക്രാഷ് ഗാര്‍ഡ്, സാരി ഗാര്‍ഡ്
ബൈക്കുകൾക്ക് നിർബന്ധമായും ക്രാഷ് ഗാർഡ്, സാരി ഗാർഡ് എന്നിവയുണ്ടായിരിക്കണം. സാരിത്തലപ്പ്, ചുരിദാർ ഷോൾ എന്നിവ ചക്രത്തിൽ കുടുങ്ങാതെ ഒതുക്കി വയ്ക്കണം. ഇരുവശത്തേക്കും കാലിട്ടിരിക്കുന്നതാണ്കൂടുതൽ റൈഡിങ് ബാലൻസ് നൽകുക.

13. തലങ്ങും വിലങ്ങും ഓടിക്കരുത്
അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു ബൈക്കോടിക്കുന്നത് ഒഴിവാക്കണം. പിന്നിൽ വരുന്നവരുടെ കണക്കുകൂട്ടലുകൾക്കു വിപരീതമാണ് നിങ്ങളുടെ പ്രതീകരണമെങ്കിൽ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്ങും പൂർണമായി ഒഴിവാക്കണം.

14. പട്ടികളെ സൂക്ഷിക്കുക
നായയോ പൂച്ചയോ റോഡ് മുറിച്ചുകടക്കുന്നതായി കണ്ടാൽ ബൈക്ക് നിർത്തി കടത്തിവിടുക. റോഡരികിലൂടെ നടന്നുപോകുന്ന നായയെും ശ്രദ്ധിക്കണം അപ്രതീക്ഷിതമായി അവ റോഡിലേക്ക് കയറും. 

15. ഈ റോഡുകള്‍ ശ്രദ്ധിക്കുക
മണൽ, മെറ്റൽ, ചെളി എന്നിവയിലൂടെ, കൂടുതൽ ഗ്രിപ്പ് നൽകുന്ന ഫസ്റ്റ്, സെക്കൻഡ് ഗീയറുകളിൽ സാവധാനംഓടിക്കുക.  പരിചിതമല്ലാത്ത വഴികളിൽ അധികം വേഗമെടുക്കരുത്. വലിയ ഗട്ടറും ഹമ്പുമൊക്കെ ഏതുറോഡിലും പ്രതീക്ഷിക്കാം. റോഡിൻറെ എഡ്ജ് എപ്പോഴും അപകടകരമാണ്. ഇതിലിലൂടെ ഓടിച്ചുകയറ്റുമ്പോൾ ബാലൻസ് നഷ്ടമാകാതെ സൂക്ഷിക്കുക.

16. സഡൻബ്രേക്ക് ഒഴിവാക്കുക
ടയറിൻറെ ചലനം ഒറ്റയടിക്കു പൂർണമായി നിലയ്ക്കും വിധം ബ്രേക്കിടുന്നത് സ്കിഡ് ചെയ്ത് ബൈക്ക് പാളി മറിയാനിടയാകും. മുന്നിലുള്ള വാഹനങ്ങളോട് ശരിയായി അകലം പാലിക്കുക. ഇതുവഴി സഡൻബ്രേക്കിങ് ഒഴിവാക്കാം. ബ്രേക്ക് പ്രയോഗിക്കുന്നതിനൊപ്പം ഗീയർ ഡൗൺചെയ്യുക. സഡൻബ്രേക്കിടുമ്പോൾ ബൈക്ക് പാളിമറിയുന്ന് ഇതിലൂടെ ഒഴിവാക്കാം.

17. പിന്നിൽ ആളുള്ളപ്പോൾ
പിന്‍ സീറ്റിലിരിക്കുന്നവരോട് കഴിവതും ചേർന്നിരിക്കാൻ പറയുക. അങ്ങോട്ടുമിങ്ങോട്ടും അനങ്ങും മുമ്പ് അക്കാര്യം അറിയിക്കാനും അവരോട് നിർദേശിക്കുക. പിന്‍ സീറ്റ് യാത്രികർ അമിതമായി വർത്തമാനം പറയുന്നതും ബൈക്കോടിക്കുന്നയാളിൻറെ ശ്രദ്ധ കുറയ്ക്കാൻ കാരണമാകും.

18. റിയര്‍ വ്യൂ ശ്രദ്ധിക്കുക
 പിന്നിലുള്ള വാഹനങ്ങളെ വ്യക്തമായി കാണാനാവും വിധം മിററുകൾ ക്രമീകരിക്കുക.ഇടയ്ക്കിടെ റിയർവ്യൂ മിററുകളിൽ ശ്രദ്ധിച്ച് പിന്നിലെ ട്രാഫിക് വിലയിരുത്തണം.

19.  റോഡ് എല്ലാവരുടേതുമാണ്
റോഡിൻറെ മധ്യഭാഗത്തുകൂടി ബൈക്കോടിക്കുന്ന ദുശ്ശീലം നീക്കുക. മറ്റു വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നത് നമ്മുടെ കഴിവുകേടുകൊണ്ടാണെന്നു കരുതരുത്. 

20. സിഗന്ലുകള്‍
ട്രാഫിക് സിഗ്നലുകളിൽ മഞ്ഞ ലൈറ്റ് തെളിയുമ്പോൾ ഒരുകാരണവശാലും കടന്നുപോകാൻ ശ്രമിക്കരുത്. സിഗ്നലിലെ കൗണ്ട് ഡൗൺ 10 ൽ താഴെ കണ്ടാലുടൻ വേഗം കുറയ്ക്കുക.

21. മൊബൈൽ ഫോണ്‍
ബൈക്കോടിക്കുമ്പോള്‍ ഒരുകാരണവശാലും മൊബൈല്‍ ഉപയോഗിക്കരുത്. റോഡരികിലേക്ക് ബൈക്ക് ഒതുക്കി മാത്രം ഫോണിൽ സംസാരിക്കുക. 

Follow Us:
Download App:
  • android
  • ios