തിരുവനന്തപുരം: യുവാക്കളുടെ സംഘം നടുറോഡില്‍ നടത്തിയ ബൈക്കഭ്യാസപ്രകടനത്തില്‍ നിരപരാധികളായ മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം.  കഴിഞ്ഞ ദിവസം വൈകിട്ട് ദേശീയപാതയിൽ കളിയിക്കാവിള പിപിഎം ജംഗ്ഷനിലാണ് അപകടം.  ഉദിയന്‍കുളങ്ങരയ്ക്ക് സമീപം  ചെങ്കൽ വ്ളാത്താങ്കര കന്യകാവ് കൈലാസ് ഭവനിൽ ടി.ബിജുകുമാർ(41), വ്ളാത്താങ്കര ഇരിക്കലവിള വീട്ടിൽ സുധീർ(34) എന്നിവരാണ് മരിച്ചത്.

നാല് യുവാക്കളടങ്ങിയ സംഘം രണ്ട് ബൈക്കുകളിലായി നടത്തിയ മത്സരയോട്ടവും അഭ്യാസങ്ങളുമാണ് അപകടത്തില്‍ കലാശിച്ചത്. യുവാക്കള്‍ അമിതവേഗതയിൽ എസ് അകൃതിയിൽ വാഹനമോടിച്ച് പരസ്‍പരം ഓവർടേക്ക് ചെയ്‍ത് മത്സരിച്ചതാണ് അപകട കാരണം.  തോവാള സ്വദേശികളായ ദിനേഷ് രാജ്, പ്രഭു എന്നിവർ യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വീട്ട് രണ്ട് ബൈക്കുകളെ ഇടിച്ച് വീഴ്ത്തിയ ശേഷം മാര്‍ത്താണ്ഡത്തേക്ക് പോവുകയായിരുന്ന സുധീർ ഓടിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ സുധീർ ഓടിച്ചിരുന്ന ബൈക്ക് റോഡരികിലെ പോസ്റ്റിലിടിച്ച ശേഷം മറിഞ്ഞു. സുധീറും ബിജുവും ഓടയിലേക്ക് തലയടിച്ച് വീണു. സുധീർ സംഭവസ്ഥലത്തും ബിജുകുമാർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിയ ശേഷവുമാണ് മരിച്ചത്.  

ഓട്ടോ ഡ്രൈവറായ സുധീർ അവിവാഹിതനാണ്. മരപ്പണിക്കാരനാണ് ബിജുകുമാര്‍. ഭാര്യ ജയ. രണ്ട് മക്കളുമുണ്ട്. ഇടിച്ചശേഷം അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.