തൃശൂര്‍:  മോട്ടോർ വാഹന വകുപ്പിന്‍റെ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്ക് യാത്രികന്‍ വീട്ടിലെത്തി തൂങ്ങി മരിച്ചു. തൃശൂര്‍ പോർക്കുളത്തിന് അടുത്താണ് സംഭവം. അകതിയൂർ വെളാണ്ടത്ത് കുട്ടന്റെ മകൻ സന്തീഷാണ്(34) മരിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥർക്കെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. 

തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സന്തീഷ്. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ പന്നിത്തടത്ത് വച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈകാണിച്ചത്. നിർത്താതെ പോയ സന്തീഷ് കൂട്ടുകാരന്റെ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു. വീട്ടിലെത്തിച്ച് കൂട്ടുകാർ മടങ്ങിയതോടെ സന്തീഷ് മുറിക്കുള്ളിൽ കയറി വാതിലടച്ചു. 

ഇതിനിടെ വാഹന നമ്പർ പരിശോധിച്ച് വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ സന്തീഷിന്റെ സഹോദരനെ ഫോണിൽ വിളിച്ച് അടുത്ത ദിവസം വാഹനത്തിന്റെ രേഖകളുമായി എത്തണമെന്ന് നിർദേശിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥർ മടങ്ങി. വിളിച്ചിട്ടും തുറക്കാതായതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വാതിൽ പൊളിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ സന്തീഷിനെ കാണുന്നത്. തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.