ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ള്യു ഐക്കണിക്ക് മോഡലായ 8 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഓൺലൈൻ ആയാണ് വാഹനത്തെ കമ്പനി ലോഞ്ച് ചെയ്തത്.

ഈ വർഷം ജനുവരിയിൽ ദില്ലിയിൽ നടന്ന ഇന്ത്യ ആർട്ട് ഫെയറിൽ 8 സീരീസ് ഗ്രാൻ കൂപെയെ ബിഎംഡബ്ള്യു ഇന്ത്യൻ വിപണിയ്ക്ക് പരിചപ്പെടുത്തിയിരുന്നു. പക്ഷെ പിന്നാലെ കൊവിഡ് 19 വൈറസ് പടര്‍ന്നതോടെ ലോഞ്ച് നീണ്ടു പോവുകയായിരുന്നു. ബിഎംഡബ്ള്യു അടുത്തിടെ അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ആയ ബിഎംഡബ്ള്യു കോൺടാക്ട്ലെസ്സ് എക്സ്പീരിയൻസ് വഴിയാണ് പുത്തൻ മോഡലുകളുടെ വില്പന ആരംഭിച്ചിരിക്കുന്നത്.

840i ഗ്രാൻ കൂപെ, 840i ഗ്രാൻ കൂപെ ‘എം സ്പോർട്ട്’ എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 8 സീരീസ് ഇന്ത്യയിൽ വില്പനക്കെത്തിയിരിക്കുന്നത്. ഇത് കൂടാതെ 8 സീരീസിന്റെ പെർഫോമൻസ് വകഭേദം എം8-നെയും ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.

840i ഗ്രാൻ കൂപെയ്ക്ക് Rs 1.30 കോടി രൂപയും, 840i ഗ്രാൻ കൂപെ ‘എം സ്പോർട്ട്’ എഡിഷന് Rs 1.55 കോടി രൂപയും ആണ് എക്‌സ്-ഷോറൂം വില. പെര്‍ഫോമെന്‍സ് പതിപ്പായ എം8 കൂപ്പെയ്ക്ക് 2.15 കോടി രൂപയായിരിക്കും എക്‌സ്‌ഷോറൂം വില.

5 മീറ്ററിലധികം നീളവും 2 മീറ്ററിൽ താഴെ വീതിയുമുള്ള സാമാന്യം നീളമുള്ള മോഡൽ ആണ് 8 സീരീസ് ഗ്രാൻ കൂപെ. പിന്നിൽ ഇരുന്നു യാത്ര ചെയ്യുന്നവരേക്കാൾ ഡ്രൈവിംഗ് ആസ്വദിക്കുന്നവർക്കുള്ളതാണ് 8 സീരീസ്. വലിപ്പം കൂടിയ കിഡ്‌നി ഗ്രിൽ തന്നെയാണ് 8 സീരീസ് മോഡലിന്റയും ആകർഷണം. ഇരു വശത്തുമായി സ്വെപ്റ്റ്ബാക്ക് എൽഇഡി ഹെഡ്‍ലാംപുകൾ ആണ്. 840i ഗ്രാൻ കൂപെയ്ക്ക് അഡാപ്റ്റീവ് എൽഇഡി ഹെഡ്‍ലാംപുകൾ ലഭിക്കുമ്പോൾ 840i ഗ്രാൻ കൂപെ ‘എം സ്പോർട്ട്’ എഡിഷന് ലേസർ മൊഡ്യൂൾ സഹിതമുള്ള 3 ലെവൽ എൽഇഡി ലൈറ്റുകളാണ്. അടിസ്ഥാന മോഡലിന് 18 ഇഞ്ച് അലോയ് വീലുകളും 'എം സ്പോർട്ട്’ എഡിഷന് 19-ഇഞ്ച് ലൈറ്റ്-അലോയ് വീലുകളുമാണ്. പുറകിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ്, സ്‌പോർട്ടി ബമ്പർ, റാപ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് 8 സീരീസിലെ മറ്റുള്ള ആകർഷണങ്ങൾ.

840i ഗ്രാൻ കൂപെയ്ക്കും, 840i ഗ്രാൻ കൂപെ ‘എം സ്പോർട്ട്’ എഡിഷനും ഒരേ എൻജിൻ ആണ്. 5,000-6,500 ആർ‌പി‌എമ്മിൽ 333 ബിഎച്പി പവറും 1,600-4,500 ആർ‌പി‌എമ്മിൽ 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ട്വിൻ ടർബോ സ്ട്രൈറ്റ് സിക്സ് എൻജിൻ ആണ്. 8 സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ എൻജിൻ പിൻചക്രങ്ങൾക്കാണ് കരുത്ത് നൽകുന്നത്. 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ബിഎംഡബ്ള്യു 8 സിരീസിന് 5.2 സെക്കൻഡ് മതി. മണിക്കൂറിൽ 250 കിലോമീറ്റർ ആയി പരമാവധി വേഗത പരിമിതപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ പോർഷ പാനമേറ, മെഴ്‌സിഡസ്-ബെൻസിന്റെ ജിടി 4 ഡോർ, ഓഡി ആർഎസ് 7 തുടങ്ങിയവരാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

4.4 ലിറ്റർ V8 ട്വിൻ-ടർബോചാർജ്ഡ് മോട്ടോറാണ് ബിഎംഡബ്ല്യു എം8-ന്റെ കരുത്ത്. 592 ബിഎച്ച്പി പവറും 750 എൻഎം പീക്ക് ടോർക്കും നിർമിക്കുന്ന ഈ എൻജിൻ 8 സ്പീഡ് ഷിഫ്റ്റ്ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഓൾ-വീൽ ഡ്രൈവ് വഴി എല്ലാ വീലുകളിലേക്കും പവർ ലഭിക്കുന്ന എം8-ന് 100 കിലോമീറ്റർ വേഗത മറികടക്കാൻ വെറും 3.3 സെക്കൻഡ് മതി.

8 സീരീസ് മോഡലുകൾ 4 സീറ്റ് 4 ഡോർ കോൺഫിഗറേഷനിൽ എത്തുമ്പോൾ എം8-ന് 2 ഡോറുകൾ മാത്രമേയുള്ളു. അതെ സമയം 4 സീറ്റ് ലേയൗട്ടിൽ മാറ്റമില്ല. ഗ്രിൽ, എക്സ്ഹോസ്റ്റ് എന്നിങ്ങനെ 8 സീരീസിലെ ക്രോമിൽ പൊതിഞ്ഞ ഭാഗങ്ങൾ എം8-ൽ കറുപ്പിൽ പൊതിഞ്ഞ് കൂടുതൽ സ്‌പോർട്ടി ആക്കിയിട്ടുണ്ട്.