ഫോമിലായാല്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള അഭിഷേകിനെ ഫൈനല്‍ പോലെ നിര്‍ണായാകമായൊരു പോരാട്ടത്തില്‍ പുറത്തിരുത്തുന്നത് ബുദ്ധിപരമാകില്ലെന്നാണ് വിലയിരുത്തല്‍.
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഓപ്പണര്‍ സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണ്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനില്‍ തുടരുമോ എന്നതാണ് പ്രധാന ആകാംക്ഷ. ലോകകപ്പിന്‍റെ താരമാകുമെന്ന് കരുതിയ അഭിഷേക് ഇതുവരെ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് നേടിയത്. എന്നാല്‍ നിര്‍ണായ ഫൈനല്‍ പോരാട്ടത്തില്‍ അഭിഷേകിന് ഒരവസരം കൂടി നല്‍കണമെന്ന അഭിപ്രായവുമുണ്ട്.
ഫോമിലായാല്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള അഭിഷേകിനെ ഫൈനല്‍ പോലെ നിര്‍ണായാകമായൊരു പോരാട്ടത്തില്‍ പുറത്തിരുത്തുന്നത് ബുദ്ധിപരമാകില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നാളെ ഫൈനലിലും അഭിഷേക് തന്നെ സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങും. ഇതോടെ ബാറ്റിംഗ് നിരയില്‍ റിങ്കു സിംഗ് തിരിച്ചെത്താനുള്ള സാധ്യത അവസാനിക്കും. അഭിഷേക് പുറത്തിരിക്കുകയാണെങ്കില്‍ മാത്രമാകും റിങ്കു പ്ലേയിംഗ് ഇലവനില്‍ കളിക്കുക. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനും നാലാമനായി സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യ, തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവരടങ്ങുന്നതായിരിക്കും ഇന്ത്യയുടെ ബാറ്റിംഗ് നിര. ബൗളിംഗ് നിരയിലാണ് ആരാധകര്‍ മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്.
സൂപ്പര്‍ 8 മുതല്‍ ഫോമിലല്ലാത്ത വരുൺ ചക്രവര്‍ത്തിക്ക് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന നിര്‍ദേശമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ളത്. എന്നാല്‍ വാഖംഡയിലെ ബാറ്റിംഗ് പിച്ചിലെ ബൗളിംഗ് പ്രകടനം മാത്രം കണക്കിലെടുത്ത വരുണിനെ മാറ്റരുതെന്നും അഭിപ്രായമുണ്ട്. അഹമ്മദാബാദിലെ ഗ്രൗണ്ടിന്‍റെ വലിപ്പം കണക്കിലെടുത്ത് വരുണിനെയും കുല്‍ദീപിനെയും കളിപ്പിക്കണമെങ്കില്‍ ഫോമിലുള്ള ശിവം ദുബെയെ ഒഴിവാക്കേണ്ടിവരും. അത്തരമൊരു സാഹസത്തിന് ഇന്ത്യ തയാറാവില്ല. ഈ സാഹചര്യത്തില്‍ കുല്‍ദീപ് വേണോ വരുണ്‍ വേണോ എന്ന കാര്യത്തില്‍ നാളെ ടോസിന് മുമ്പ് മാത്രമെ ടീം മാനേജ്മെന്‍റ് തീരുമാനമെടുക്കൂ.
