ഇന്ത്യയിലെ ജനപ്രിയ സ്‍കൂട്ടറായ ആക്ടിവയുടെ പുതിയ പതിപ്പായ 6ജി -യെ അവതരിപ്പിക്കാന്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഒരുങ്ങുകയാണെന്ന് കഴിഞ്ഞ കുറച്ചുനാളുകളായി കേട്ടു തുടങ്ങിയിട്ട്. പുതിയ ആക്ടിവയെ ഹോണ്ട ജനുവരി 15-ന് വില്പനക്കെത്തിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇത് പുതിയ ആക്ടിവ 6Gയാണെന്നാണ് സൂചന. ഇപ്പോൾ വിപണിയിലുള്ള ആക്ടിവ 5G-യെപ്പോലെ ഒരു മുഖം മിനുക്കൽ മാത്രമാവില്ല ആക്ടിവ 6G. പുതിയ സുരക്ഷ മാനദണ്ഡങ്ങളില്‍ നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ്6നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടിവ 6ജി എത്തുന്നത്. മികച്ച ഇന്ധനക്ഷമതയും ആക്ടിവ 6ജി -യുടെ സവിശേഷതയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ ആക്ടിവ മോഡലുകളെക്കാള്‍ പത്തുശതമാനം കൂടുതല്‍ കാര്യക്ഷമത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള ആക്ടിവ മോഡലുകള്‍ അവകാശപ്പെടുമെന്നാണ് നിരീക്ഷണം. പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ഒരുക്കിയെത്തുന്ന 6ജി -ക്ക് വിലയും അല്‍പ്പം മാറ്റം ഉണ്ടാകും.

2019 സെപ്റ്റംബറിൽ ആക്ടിവയുടെ 125 സിസി മോഡൽ BS6 പരിഷ്കാരങ്ങളുടെ ഹോണ്ട അവതരിപ്പിച്ചപ്പോൾ കൂട്ടിച്ചേർത്ത ഫീച്ചറുകൾ ആക്ടിവ 6G-യിലും ഇടം പിടിച്ചേക്കും. ഇന്ധനക്ഷമത, നിലവിലുള്ള ഇന്ധനം ഉപയോഗിച്ച് എത്ര ദൂരം വരെ സഞ്ചരിക്കാം എന്നുള്ള വിവരങ്ങൾ നൽകുന്ന പുതുക്കിയ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് എൻജിൻ ഇൻഹിബിറ്റർ, യുഎസ്ബി ചാർജിങ് സോക്കറ്റ് എന്നിവ പുതിയ ആക്ടിവ 6G-യിലുണ്ടാകും.

എക്‌സ്‌റ്റേർണൽ ഫ്യുവൽ ഫില്ലർ ക്യാപ്, ടെലിസ്കോപിക് ഫോർക്കുകൾ, 12-ഇഞ്ച് വീലുകളും ആക്ടിവ 6G-യിൽ ഇടം പിടിച്ചേക്കും. അടിസ്ഥാന ഡിസൈനിന് കാര്യമായ വ്യത്യാസം ഉണ്ടാകില്ലെങ്കിലും ഫ്രണ്ട് ഏപ്രൺ, ഹെഡ്‍ലാംപ്, റെയിൽ ലാംപ് എന്നിവയ്ക്ക് ചെറിയ ഡിസൈൻ മാറ്റങ്ങൾ വരുത്തി ആക്ടിവയ്‌ക്ക് പുതുമ നൽകാൻ ഹോണ്ട ശ്രമിക്കും.

60,198 രൂപ (സ്റ്റാൻഡേർഡ്) മുതൽ 62,481 രൂപ (ഡീലക്‌സ് ലിമിറ്റഡ് എഡിഷൻ) വരെയാണ് ആക്ടിവ 5G-യ്ക്ക് ഇപ്പോൾ കൊച്ചിയിൽ എക്‌സ്-ഷോറൂം വില. BS6 പരിഷ്‌കാരങ്ങളോടെ എത്തുന്ന ആക്ടിവ 6G-യ്ക്ക് 5,000 രൂപ മുതൽ 8,000 രൂപ വരെ വില വർധിക്കും എന്നാണ് കരുതുന്നത്.

എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6ജി -യുടെ പ്രത്യേകതകളാണ്. പുതിയ ഗ്രാഫിക്സും, പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, പുതിയ ഡിസൈനിലുള്ള 12 ഇഞ്ച് അലോയി വീലുകളും ഡിസ്‌ക് ബ്രേക്കും തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ലഭിക്കും. അനലോഗ് സ്പീഡോമീറ്ററിനൊപ്പം ഉള്ള വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്‌പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും അറിയാം.

വാഹനത്തിന് മുന്‍ മോഡലിനെക്കാള്‍ വില കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ വിപണിയിലുള്ള പതിപ്പില്‍ നിന്നും 5,000 രൂപ മുതല്‍ 7,000 രൂപ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബിഎസ്6 മോഡല്‍ കൂടിയാണ് ആക്ടിവ 6ജി. ആക്ടിവ 125 ബിസ് 6 പതിപ്പിനെയും, SP 125 ബിഎസ് 6 പതിപ്പിനെയും നേരത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയിൽ ഏറ്റവും വില്പനയുള്ള ഇരുചക്ര വാഹനങ്ങളിൽ ഒന്നാണ് ഹോണ്ടയുടെ ബെസ്റ്റ് സെല്ലർ ആക്ടിവ. ഹോണ്ട പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ദിവസം ഏകദേശം 7,740 ആക്ടിവ യൂണിറ്റുകൾ ആണ് രാജ്യത്ത് വിറ്റു പോവുന്നത്. അതായത് ഓരോ മിനുട്ടിലും ഏകദേശം 5 ആക്ടിവ മോഡലുകളാണ് ഹോണ്ട വിറ്റഴിക്കുന്നത്.