Asianet News MalayalamAsianet News Malayalam

'സ്രാവിന്‍റെ' പുതിയ പതിപ്പുമായി മഹീന്ദ്ര

മരാസോയുടെ ബിഎസ്6 പതിപ്പ് നിരത്തിലെത്താനൊരുങ്ങുന്നു  

BS6 Mahindra Marazzo Launching Soon
Author
Mumbai, First Published Jan 6, 2020, 2:19 PM IST

രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്തംബര്‍ 3നാണ് മഹീന്ദ്ര മരാസോയെ വിപണിയിലെത്തുന്നത്.  സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച മരാസോയുടെ ബിഎസ്6 പതിപ്പ് നിരത്തിലെത്താനൊരുങ്ങുകയാണ്.

എഞ്ചിന്‍ ബിഎസ് 6 -ലേക്ക് മാറ്റുന്നതിനൊപ്പം അടിമുടി മാറ്റത്തോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനൊപ്പം വകഭേദങ്ങളിലും കമ്പനി മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എം 2, എം 4, എം 6, എം 8 എന്നീ മോഡലുകളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയത്. എന്നാല്‍ പുതിയ പതിപ്പ് എത്തുമ്പോള്‍ വകഭേദങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. M4+, M6+ എന്നിങ്ങനെ രണ്ട് പുതിയ വകഭേദങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയേക്കും.

തുടക്ക വകഭേദമായി M2 തന്നെ തുടരുമെങ്കിലും നിലവിലെ ഉയര്‍ന്ന വകഭേദമായ M8 ന് പകരം പുതിയ M6 പ്ലസ് ആയിരിക്കും ഉയര്‍ന്ന വകഭേദമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ M6+ വകഭേദത്തില്‍ M8 -ല്‍ ലഭ്യമായിരുന്ന ഫീച്ചറുകള്‍ നല്‍കുമെന്നാണ് സൂചന. ബിഎസ്6 മോഡലില്‍ എല്ലാ വകഭേദങ്ങളും 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കമ്പനിയുടെ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെ ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ത്തിയേക്കും. ബിഎസ്4 എന്‍ജിന്‍ പുറപ്പെടുവിക്കുന്ന അതേ കരുത്ത് തന്നെ ബിഎസ് 6 എന്‍ജിനും ഉല്‍പ്പാദിപ്പിക്കുമെന്നാണ് സൂചന.

ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്സ്. അധികം വൈകാതെ തന്നെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും. നിലവില്‍ 10 ലക്ഷം രൂപ മുതല്‍ 14.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. പുതിയ പതിപ്പുകള്‍ എത്തുന്നതോടെ 15,000 രൂപ മുതല്‍ 20,000 രൂപ വരെ വില ഉയര്‍ന്നേക്കും.

നിലവില്‍ 17.6 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന മൈലേജ്. മഹീന്ദ്ര മരാസോ എംപിവിയുടെ രൂപകല്‍പ്പനയ്ക്കും നിർമ്മാണത്തിനുമായി 200 മില്ല്യണ്‍ ഡോളറാണ് മഹീന്ദ്രയ്ക്ക് ഇതുവരെയുണ്ടായ ചിലവ്. പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്.

വാഹനത്തിന്‍റെ എം 2 മോഡലില്‍  16 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെർട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്‍റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എൻജിന്‍ ഇമൊബിലൈസര്‍ എന്നീ പ്രത്യേകതകളുമുണ്ടാകും.  എം 4 മോഡലില്‍ എം 2 ലെ ഫീച്ചറുകൾ കൂടാതെ ഷാര്‍ക്ക് ഫിന്‍ ആന്‍റിന,  ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പർ, ഇലക്ട്രിക്കലി അ‍ഡ്ജസ്റ്റബിൾ മിററുകൾ, വോയിസ് മെസേജിങ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്കു വേണ്ടിയുള്ള യുഎസ്ബി, AUX കണക്ടിവിറ്റി  എന്നീ ഓപ്ഷനുകളുണ്ട്.

എം 6 മോഡലില്‍ മുന്‍ പിന്‍ ഫോഗ്‌ലാംപുകള്‍, ഫോളോ മീ ഹോം പ്രോജക്ടര്‍ ഹെഡ്‌ലാംപുകള്‍ പ്രീമിയം ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിലുള്ള ഓഡിയോ കണ്‍ട്രോളുകൾ, പാർക്കിങ് സെന്‍സറുകള്‍, കോര്‍ണറിങ് ലാംപുകള്‍, നാവിഗേഷന്‍, കീലെസ് എന്‍ട്രി എന്നിവയുണ്ട്.  മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മരാസോ. മോണോകോക്ക് പ്ലാറ്റ്ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനം.

മരാസോയില്‍ ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി കൂടി മഹീന്ദ്ര അടുത്തിടെ  ഉള്‍പ്പെടുത്തിയിരുന്നു.  ആദ്യം പുറത്തിറക്കിയ വാഹനത്തില്‍ ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നേരത്തെ ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളു.

പുതിയ കണക്റ്റിവിറ്റി ഓപ്ഷനില്‍ ആപ്പിള്‍ ഫോണുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്ത് ഫോണ്‍ കോളുകള്‍, മ്യൂസിക് തുടങ്ങിയവ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നിയന്ത്രിക്കാം. ഇതിന് പുറമേ നാവിഗേഷന്‍, വോയിസ് കമാന്റ്‌സ്‌, മഹീന്ദ്ര ബ്ലൂസെന്‍സ് ആപ്പ്, എമര്‍ജന്‍സി കോള്‍ എന്നീ സൗകര്യങ്ങളും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തിലുണ്ട്.  എംപിവി സെഗ്‌മെന്റില്‍ ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ എന്നിവയ്ക്ക് ഇടയിലാണ് മരാസോയുടെ സ്ഥാനം.  

Follow Us:
Download App:
  • android
  • ios