ദില്ലി: ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ പിയാജിയോ ഇന്ത്യന്‍ വിപണിയിൽ വിൽക്കുന്ന രണ്ടു സ്‍കൂട്ടറുകളായ ഏപ്രിലിയയുടെയും വെസ്‍പയുടെയും ബിഎസ്6 പതിപ്പുകള്‍ പുറത്തിറക്കി. ഡിസൈനോ ഫീച്ചറുകളിലോ ബിഎക്സ്6 മോഡലുകളും ബിഎസ്4 ഏപ്രിലിയ, വെസ്പ മെഡലുകളും തമ്മിൽ മാറ്റങ്ങളൊന്നുമില്ല. ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ഈ സ്കൂട്ടറുകളെ പിയാജിയോ പരിഷ്‍കരിച്ചത്.

വെസ്പ 125 സിസി ശ്രേണി, വെസ്പ 150 സിസി ശ്രേണി, ഏപ്രിലിയ എസ്ആർ 125, സ്റ്റോം 125 എന്നിങ്ങനെ എല്ലാ സ്കൂട്ടർ മോഡലുകളും പിയാജിയോ ഇന്ത്യ പരിഷ്കരിച്ചിട്ടുണ്ട്. ഇതുകൂടാതെ പരിഷ്‍കരിച്ചെത്തിയ ഏപ്രിലിയ എസ്ആർ 150യ്ക്ക് 154.8 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിന് പകരം 160 സിസി എൻജിനാണ്. ഡിസ്പ്ലേസ്‌മെന്റ് കൂടിയതോടെ എസ്ആർ 150യുടെ പേര് ഇനി മുതൽ ഏപ്രിലിയ എസ്ആർ 160 എന്നായിരിക്കും. 154.8 സിസി എൻജിൻ 10.4 ബിഎച്ച്പി പവർ നിർമ്മിച്ചിരുന്നപ്പോൾ 160 സിസി എഞ്ചിന് 10.8 ബിഎച്ച്പിയാണ് കരുത്ത്.

ഈ സ്‍കൂട്ടറുകൾ ബി‌എസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലേക്ക് സമയപരിധിക്ക് വളരെ മുമ്പ് മാറ്റാനായതില്‍ സന്തോഷമുണ്ടെന്നും മലിനീകരണ കുറക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുമായി ഒത്തുപോകുന്നതാണ് പുത്തൻ കമ്പൽഷൻ എൻജിനെന്നും പിയാജിയോ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡിയാഗോ ഗ്രാഫി പറഞ്ഞു.

പുതുക്കിയ ഏപ്രിലിയ മോഡലുകൾക്ക് 85,431 രൂപയും വെസ്പ മോഡലുകൾക്ക് 91,492 രൂപയുമാണ് എക്‌സ് ഷോറൂം വില. അതായത്ഇതുവരെ വില്പനയിലുണ്ടായിരുന്ന ഏപ്രിലിയ, വെസ്പ മോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 17,000 രൂപ മുതൽ 21,000 വരെ ബിഎസ്6 മോഡലുകൾക്ക് വില വര്‍ദ്ധിച്ചു.