കഴിഞ്ഞ ദിവസം നടന്ന ഒരു ബസപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൂട്ടിയിടിക്കുന്ന രണ്ടു ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന ഇരുചക്ര വാഹന യാത്രികന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. 

കോയമ്പത്തൂർ – മേട്ടുപ്പാളയം റൂട്ടിൽ നടന്ന അപകടത്തിന്‍റെയാണ് വീഡിയോ. തമിഴ്‍നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകളാണ് അപകടത്തിൽപ്പെട്ടത്.  ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ചു വീഴ്‍ത്തി. തുടര്‍ന്ന് സ്‍കൂട്ടര്‍ യാത്രികനെ ഉള്‍പ്പെടെ മറ്റൊരു ബസിലേക്കും ഇടിച്ചു കയറുകയായിരുന്നു. 
കോയമ്പത്തൂരിൽനിന്ന് വന്ന ബസാണ് നിയന്ത്രണം വിട്ടത്. അപകടത്തില്‍ ഒരാൾ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍. അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.