കൊച്ചി: ബസിന്‍റെ വാതിലുകള്‍  തുറന്നിട്ട് ഓടിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്തു. ബസിന് വാതില്‍ ഘടിപ്പിച്ചിട്ടും തുറന്നിട്ട് ഓടിയ  26 ഡ്രൈവര്‍മാരുടെയും 26 കണ്ടക്ടര്‍മാരുടെയും  ലൈസന്‍സാണ് സസ്‍പെന്‍ഷനിലായത്. 

കഴിഞ്ഞ ദിവസം കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശ്ശേരി, അങ്കമാലി, പറവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സുമെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമലംഘനങ്ങള്‍ പിടികൂടിയത്.

പോത്താനിക്കാട് ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ വയോധിക മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന ഊര്‍ജിതമാക്കിയത്.

വാതില്‍ കെട്ടിവച്ച് സര്‍വീസ് നടത്തിയ കുറ്റത്തിനാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. പരിശോധനയില്‍ കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്ത നിരവധി ജീവനക്കാരെ കണ്ടെത്തി. ഇതേ തുടര്‍ന്ന് ബസുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

പരിശോധനയില്‍ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്ത 338 വാഹനങ്ങള്‍ക്കെതിരേയും കാഴ്ച മറയ്ക്കുന്ന രീതിയില്‍ വിന്‍ഡ് ഫീല്‍ഡ് ഗ്ലാസുകളില്‍ സണ്‍ഫിലിം പതിപ്പിച്ച 42 വാഹനങ്ങള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു.