ചൈനീസ് കാർ നിർമ്മാതാക്കളായ ബിവൈഡി, ഡിസൈൻ പിഴവുകളും ബാറ്ററി സംബന്ധമായ സുരക്ഷാ അപകടസാധ്യതകളും കാരണം 115,000-ൽ അധികം ടാങ്, യുവാൻ പ്രോ വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2015-നും 2022-നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളെയാണ് ഇത് ബാധിക്കുന്നത്.
ചൈനയിലെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നായ ബിവൈഡി, കാറുകളിലെ ഡിസൈൻ പിഴവുകളും ബാറ്ററി സംബന്ധമായ സുരക്ഷാ അപകടസാധ്യതകളും കാരണം ഒരു പ്രധാന തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചു. 2015 നും 2022 നും ഇടയിൽ നിർമ്മിച്ച 115,000 ത്തിൽ അധികം ടാങ് സീരീസ്, യുവാൻ പ്രോ വാഹനങ്ങൾ കമ്പനി തിരിച്ചുവിളിച്ചു. കമ്പനി ചൈനയുടെ മാർക്കറ്റ് റെഗുലേറ്ററുമായി ഈ വിവരം പങ്കിട്ടു. ഈ ബിവൈഡി കാറുകളുടെ ഉടമകൾ കമ്പനിയുടെ സർവീസ് സെന്ററുമായോ ഷോറൂമുമായോ ബന്ധപ്പെടണം.
തിരിച്ചുവിളിക്ക് കാരണം
പ്രവർത്തനപരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ചില ഘടകങ്ങളിലെ ഡിസൈൻ പിഴവുകൾ കാരണം 2015 മാർച്ചിനും 2017 ജൂലൈയ്ക്കും ഇടയിൽ നിർമ്മിച്ച 44,535 ടാങ് സീരീസ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതിനുള്ള പദ്ധതി ബിവൈഡി സ്റ്റേറ്റ് മാർക്കറ്റ് റെഗുലേഷൻ അഡ്മിനിസ്ട്രേഷന് സമർപ്പിച്ചു. ബാറ്ററി ഇൻസ്റ്റാളേഷനെ ബാധിക്കുന്ന നിർമ്മാണ പ്രശ്നങ്ങൾ കാരണം 2021 ഫെബ്രുവരി മുതൽ 2022 ഓഗസ്റ്റ് വരെ നിർമ്മിച്ച 71,248 യുവാൻ പ്രോ ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കാനും ബിവൈഡി അഭ്യർത്ഥിച്ചു.
ജനുവരിയിൽ, തീപിടുത്ത സാധ്യത ചൂണ്ടിക്കാട്ടി കമ്പനി 6,843 ഫാങ്‌ചെങ്‌ബാവോ ബാവോ 5 പ്ലഗ്-ഇൻ ഹൈബ്രിഡ് ഓഫ്-റോഡ് എസ്‌യുവികൾ തിരിച്ചുവിളിച്ചിരുന്നു. മുമ്പ് സ്റ്റിയറിംഗ് കൺട്രോൾ യൂണിറ്റിലെ നിർമ്മാണ തകരാറിനെത്തുടർന്ന്, തീപിടുത്ത സാധ്യത സൃഷ്‍ടിച്ചതിനാൽ, 2024 സെപ്റ്റംബറിൽ ഏകദേശം 97,000 ഡോൾഫിൻ, യുവാൻ പ്ലസ് ഇലക്ട്രിക് വാഹനങ്ങളും കമ്പനി തിരിച്ചുവിളിച്ചു. ബിവൈഡിയുടെ ഇലക്ട്രിക് കാറുകളും ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതേസമയം ഈ തിരിച്ചുവിളി ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ളതല്ല.


