ഇടുക്കി: നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു.  നെടുങ്കണ്ടം ടൗണിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. തൂക്കുപാലം ചോറ്റുപാറ സ്വദേശി ശശിധരൻ നായരുടെ കാറിനാണ് തീപിടിച്ചത്. കാർ വഴിയോരത്ത് പാർക്ക് ചെയ്ത ശേഷം സാധനം വാങ്ങുന്നതിനായി കടയിലേക്ക് പോയിരിക്കുകയായിരുന്നു ഉടമ. ഇതിനിടെ കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. 

തുടർന്ന് കാറിന്റെ ബോണറ്റിനുള്ളിൽ തീപിടിക്കുകയും എഞ്ചിൻ ഉൾപ്പടെയുള്ളവ കത്തിനശിക്കുകയും ചെയ്തു. മുൻവശം പൂർണമായും കത്തിനശിച്ചു. തീ ആളിപ്പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വെള്ളം എത്തിച്ച് തീ അണക്കുകയായിരുന്നു. സമീപത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളും, വാഹനങ്ങളും ഉണ്ടായിരുന്നു. വ്യാപാരികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലാണ് വൻ അപകടം തലനാരിഴക്ക് ഒഴിവായത്.