കണ്ണൂര്‍: നിയന്ത്രണം നഷ്‍ടമായ കാര്‍ മദ്യവില്‍പ്പന ശാലയിലേക്ക് പാഞ്ഞു കയറി. തലനാരിഴയ്ക്കാണ്  വന്‍ ദുരന്തം ഒഴിവായത്. പയ്യന്നൂര്‍ ചെറുപുഴയിലാണ് സംഭവം. 

കാൽനട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ കൺസ്യൂമർഫെഡ് വിദേശമദ്യ വിൽപനശാലയുടെ ഔട്ട്‌ലെറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.   ചെറുപുഴ പുതിയപാലത്തിനു സമീപത്തെ ഔട്ട്‌ലെറ്റിനു മുന്നിലാണ് അപകടമുണ്ടായത്. കാറിന്റെ മുൻഭാഗം തകർന്നെങ്കിലും ആർക്കും സാരമായ പരുക്കില്ല.

റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികനായ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സ്ഥാപിച്ച ബൂത്ത് ഇടിച്ചു തകർത്ത ശേഷം മദ്യ വിൽപന കേന്ദ്രത്തിന്റെ താഴത്തെ നിലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ഇവിടെ ആളുകൾ ഇല്ലാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.