ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാന്‍ങാന്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യയിലേക്കെത്തുമെന്ന് കഴിഞ്ഞ കുറച്ചുമാസങ്ങളായി കേട്ടു തുടങ്ങിയിട്ട്. ചാന്‍ങാന്‍ കമ്പനി അധികൃതര്‍ നിരവധി തവണ ഇന്ത്യയിലെത്തിയെന്നും വിപണി സാധ്യതയും മറ്റും വിലയിരുത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.  

കമ്പനി ദില്ലിയിൽ ഒരു താൽക്കാലിക ഓഫീസ് സ്ഥാപിച്ചു എന്നാണ് പുതിയ വാര്‍ത്തകള്‍. പ്രാദേശിക ഉൽ‌പാദന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള തീരുമാനം ഉൾപ്പെടെ വിവിധ സാധ്യതകൾ പഠിക്കുന്നതിനായിട്ടാണത്രെ ഇത്.  2022-23 ൽ ഇന്ത്യൻ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും കഴിഞ്ഞ വർഷം ഓട്ടോ ചൈനയിൽ അരങ്ങേറ്റം കുറിച്ച CS75 പ്ലസ് എസ്‌യുവിയാവും കമ്പനിയുടെ ഇന്ത്യയിലെ ആദ്യ വാഹനം എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

CS75 പ്ലസ് എസ്‌യുവിയെ കുറിച്ച് പറയുകയാണെങ്കിൽ ചൈനീസ് വിപണിയിൽ, 1.5 ലിറ്റർ TGDI ബ്ലൂ വെയിൽ പെട്രോൾ എഞ്ചിൻ, 2.0 ലിറ്റർ ബ്ലൂ വെയിൽ TGDI പെട്രോൾ എഞ്ചിൻ എന്നിവയിൽ വാഹനം ലഭ്യമാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് 1.5 ലിറ്റർ എൻജിനും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി 2 ലിറ്റർ എൻജിനും വരുന്നു. ഇവ യഥാക്രമം 178 bhp കരുത്തും 265 Nm torque ഉം & 232 bhp കരുത്തും 360 Nm torque ഉം വികസിപ്പിക്കുന്നു. 4,670 mm / 4,690 mm / 4,700 mm നീളവും 1,865 mm വീതിയും 2,710 mm വീൽബേസുമാണ് വാഹനത്തിന്റെ അളവുകൾ. CS75 പ്ലസിനു പുറമെ, C35 എന്ന മോഡലും കമ്പനി അരങ്ങേറ്റത്തെക്കുറിച്ചേക്കാം എന്നും സൂചനകളുണ്ട്.  

ഇന്ത്യന്‍ കമ്പനിയായ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചാന്‍ങാന്‍ ധാരണയിലെത്തിയതായും ഗുരുഗ്രാം കേന്ദ്രീകരിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ചാന്‍ങാന്‍ ലക്ഷ്യമിടുന്നതെന്നും ഇതിനായി 4,000 കോടിയുടെ നിക്ഷേപം കമ്പനി ഇന്ത്യയില്‍ നടത്തിയേക്കും എന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. SAIC ഉടമസ്ഥതയിലുള്ള എം‌ജി മോട്ടോർ, ഗ്രേറ്റ് വാൾ മോട്ടോർസ് (GWM) എന്നിവയുമായി ചേര്‍ന്നാവും കമ്പനി ഇന്ത്യയില്‍ പ്രവർത്തിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഹെക്ടറാണ് ഇന്ത്യയിലെ ആദ്യ ചൈനീസ് വാഹനം. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തിയത്.  

എന്തായാലും ചൈനയില്‍ നിന്നുള്ള വാഹനങ്ങളുടെ ഈ കുത്തൊഴുക്ക് ഇന്ത്യയിലെ മറ്റു വണ്ടിക്കമ്പനികളുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയേക്കും. ചൈനീസ് വാഹനങ്ങളിലെ കിടിലന്‍ ഫീച്ചറുകളും ബജറ്റ് വിലയുമൊക്കെ എതിരാളികളെ ആശങ്കയില്‍ ആഴ്‍ത്തിയേക്കും.