പാലക്കാട്: നിർത്തിയിട്ടിരുന്ന ഗുഡ്‍സ് വാഗണിന് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പാലക്കാട് ജംഗ്ഷ‍ൻ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്‍സ് യാഡിലാണ് സംഭവം. വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദർശിനാണ് (20) ഗുരുതരമായി പരിക്കേറ്റത്. 

വെള്ളിയാഴ്ച വൈകിട്ട്  3.10 ഓടെയാണ് സംഭവം.  സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനിൽനിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വാഗണിന് മുകളിൽനിന്ന് തെറിച്ച ആദര്‍സ് യാഡ് പ്ളാറ്റ്ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ചാണ് വീണത്. ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്കേറ്റ സാരമായ പരിക്കിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്.   

പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാർഥിയായ ആദർശ് സുഹൃത്ത് ജെബ്രിനൊപ്പം സ്‍കൂട്ടറിലാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇരുവരും ഗുഡ്‍സ് ഷെഡ്‌ഡിന് സമീപം എത്തിയ ശേഷം 11-ാം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ‍സ് വാഗണിനു മുകളിൽ  ആദർശ് വലിഞ്ഞു കയറുകയായിരുന്നു. ട്രെയിനിനു മുകളിൽ നിന്ന് മൊബൈലിൽ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിന് വൈദ്യുതിനൽകുന്ന ഹൈടെൻഷൻ ലൈനിൽത്തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് ആർപിഎഫ് അധികൃതർ പറയുന്നത്. 

ഓടിയെത്തിയ ആർപിഎഫ് അംഗങ്ങള്‍ പ്രഥമശുശ്രൂഷ നൽകിയശേഷം ആദര്‍ശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

റെയിൽവേ ഗുഡ്സ് യാഡിൽ അധിക്രമിച്ചുകടന്നതിന് വിദ്യാർഥിക്കും സുഹൃത്തിനുമതിരേ നിയമനടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.