Asianet News MalayalamAsianet News Malayalam

"അദ്ദേഹത്തിന്‍റെ ആത്മാനുരാഗത്തിന് അതിരുകളില്ല!" നമോ ഭാരത് ട്രെയിൻ പേരിനെ പരിഹസിച്ച് കോണ്‍ഗ്രസ്!

അദ്ദേഹത്തിന്‍റെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലെ പോസ്റ്റിൽ പ്രതികരിച്ചത്. "നമോ സ്റ്റേഡിയത്തിന് ശേഷം നമോ ഇപ്പോൾ വീണ്ടും. അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ല" ജയറാം രമേശ് കുറിച്ചു. 

Congress says no limit to self-obsession in name changes of RRTS trains to NaMo Bharat prn
Author
First Published Oct 20, 2023, 12:32 PM IST

രാജ്യത്തെ ആദ്യ ആർ‌ആർ‌ടി‌എസ് ട്രെയിനുകൾക്ക് 'നമോ ഭാരത്' എന്ന് പേരിട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. അദ്ദേഹത്തിന്‍റെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലെ പോസ്റ്റിൽ പ്രതികരിച്ചത്. "നമോ സ്റ്റേഡിയത്തിന് ശേഷം നമോ ഇപ്പോൾവീണ്ടും. അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ല" ജയറാം രമേശ് കുറിച്ചു. അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രിയുടെ പേരിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പരിഹസിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജണല്‍ റെയില്‍ സര്‍വീസ് ഇടനാഴി. സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ ആര്‍ആര്‍ടിഎസിന്റെ (റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം) ഭാഗമാണിത്. ഈ അതിവേഗ റെയില്‍പ്പാതയുടെ ആദ്യഘട്ട ഇടനാഴിയാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്ക് 2019 മാർച്ച് എട്ടിനാണ് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്. പുതിയ ലോകോത്തര ഗതാഗത ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റി പരിവർത്തനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, ആർആർടിഎസ് പദ്ധതി വികസിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ പ്രസ്താവനയിൽ പറഞ്ഞു.

കണ്ണഞ്ചും വേഗം, ഇത് ഇന്ത്യയിലെ ആദ്യ ട്രെയിൻ! ഈ മോദി മാജിക്ക് ചീറിപ്പായാൻ ഇനി മണിക്കൂറുകള്‍ മാത്രം!

ആകെ 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണംപൂര്‍ത്തിയായ സാഹിബാബാദ് ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്. ഈ പാതയില്‍ 21 മുതല്‍ ട്രെയിന്‍സര്‍വീസ് ആരംഭിക്കും. രാജ്യത്തെ ആദ്യ ആര്‍.ആര്‍.ടി.എസ്. പദ്ധതിയായ ഡല്‍ഹി മീററ്റ് പാതയില്‍ ബാക്കിയുള്ളസ്ഥലങ്ങളിലും റെയില്‍പാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത്തരത്തില്‍ എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളാണ് ഒരുങ്ങുന്നത്. ഡല്‍ഹി മീററ്റ് പാത 2025 ജൂണില്‍ പൂര്‍ത്തിയാക്കും. നിര്‍മാണംപൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ദര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ചുസ്റ്റേഷനുകളാണുള്ളത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ പൂർണമായും ഇന്ത്യയിൽ തന്നെയാണ് ആർആർടിഎസ് ട്രെയിൻ നിർമിച്ചത്. ഗുജറാത്തിലെ സാവ്‌ലിയിലുള്ള അൽസ്റ്റോമിന്റെ ഫാക്ടറിയിലാണ് ഇവ നിർമിക്കുന്നത്. ആർ‌ആർ‌ടി‌എസ് ട്രെയിനുകളിൽ കുഷ്യൻ സീറ്റിംഗ്, വിശാലമായ സ്റ്റാൻഡിങ് സ്പേസ്, ലഗേജ് റാക്ക്, സിസിടിവി ക്യാമറകൾ, ലാപ്‌ടോപ്പ്/മൊബൈൽ ചാർജിംഗ് സൗകര്യം, ഡൈനാമിക് റൂട്ട് മാപ്പ്, ഓട്ടോ കൺട്രോൾ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ഹീറ്റിംഗ് വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് എന്നിവ എർഗണോമിക് ആയി രൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡ് കോച്ച്, വനിതാ കോച്ച് കൂടാതെ പ്രീമിയം ക്ലാസിലുള്ള ഒരു കോച്ചും ഉണ്ടായിരിക്കും. 82.15 കിലോമീറ്റർ നീളമുള്ള പാത 2025 ജൂൺ മാസത്തോടെ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. ആർആർടിഎസ് നിർമ്മാണത്തിന്റെ മേൽനോട്ടം നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ്.

youtubevideo

Follow Us:
Download App:
  • android
  • ios