Asianet News MalayalamAsianet News Malayalam

പുതിയ കാറിന്‍റെ നമ്പര്‍ എവിടെയെന്ന് ആര്‍ടിഒ, കൈമലര്‍ത്തി ഉടമ; ഡീലര്‍ക്ക് പിഴ ഒരുലക്ഷം!

അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക് കൈമാറിയ തിരുവല്ലയിലെ ഒരു മാരുതി ഡീലര്‍ഷിപ്പിനാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുലക്ഷത്തിലധികം രൂപ പിഴയിട്ടത്

Dealer fined for give vehicle without registration and HSRP number plat at Thiruvalla
Author
Thiruvalla, First Published Jul 10, 2021, 7:13 PM IST

പത്തനംതിട്ട: രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക് കൈമാറിയ തിരുവല്ലയിലെ ഒരു മാരുതി ഡീലര്‍ഷിപ്പിനാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 103000 രൂപ പിഴയിട്ടത്.

കഴിഞ്ഞ ദിവസം തിരുവല്ല നഗരത്തിലാണ് സംഭവം.  രജിസ്റ്റർ ചെയ്യാതെയും HSRP നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനങ്ങൾ ഡെലിവറി നടത്തുന്നു എന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഇതുസംബന്ധിച്ച് കര്‍ശന പരിശോധന നടത്താന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഓമാര്‍ക്കും ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടർന്ന് തിരുവല്ല ജോയിന്‍റ് ആര്‍ടിഒ ശ്രീ പ്രകാശിന്റെ നിർദ്ദേശപ്രകാരം തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം പ്രത്യേക വാഹന പരിശോധന നടന്നിരുന്നു. 

ഇതിനിടെയാണ് തിരുവല്ല ടൌണില്‍ പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ യാദൃശ്ചികമായി പുതിയ വാഗണ്‍ ആര്‍ വന്നുപെടുന്നത്. ഈ കാറിന് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാഹനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നാലെ ഡീലര്‍ക്ക് 103000 രൂപ പിഴയും ചുമത്തി.  ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലംഘനത്തിന് ഒരുലക്ഷം രൂപയും വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിന് 3000 രൂപയും വീതമാണ് ഫൈന്‍ ഈടാക്കിയത്. 

അടുത്തിടെ നടപ്പിലാക്കിയ പുതിയ നിയമം അനുസരിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത് ഉടമകള്‍ക്ക് കൈമാറേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. എന്നാല്‍ പല ഡീലര്‍മാരും ഇത് ലംഘിക്കുകയാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഉടമകളുടെ അജ്ഞത മുതലെടുക്കുകയാണ് ഡീലര്‍മാരുടെ രീതിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനെപ്പറ്റി വലിയ ധാരണയില്ലാത്ത ആളുകളാണ് ഇത്തരം കബളിപ്പിക്കലുകള്‍ക്ക് ഇരകളാകുന്നത്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത വാഹനം റോഡിലിറക്കിയാല്‍ ഉടമകള്‍ പല ഊരാക്കുടുക്കുകളിലേക്കുമായിരിക്കും ചെന്നുപെടുക എന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം വാഹനങ്ങള്‍ എന്തെങ്കിലും തരത്തില്‍ അപകടത്തില്‍പ്പെട്ടാലോ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചാലോ വളരെ വലിയ വിലയായിരിക്കും വാഹന ഉടമകള്‍ നല്‍കേണ്ടി വരികയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഉയര്‍ന്ന പിഴ ഈടാക്കേണ്ടി വരുന്നതെന്നും അധികൃതര്‍ പറയുന്നു.

ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് സർക്കുലർ ഇറങ്ങുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഇതോടെ ഒഴിവായിരുന്നു. പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ നിന്നു തന്നെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇതോടെ നിരത്തുകളില്‍ നിന്നും 'ഫോർ രജിസ്‌ട്രേഷൻ' സ്റ്റിക്കറൊട്ടിച്ച വാഹനങ്ങൾ അപ്രത്യക്ഷമായിരുന്നു. നമ്പർ പ്ലേറ്റില്ലാതെ വാഹനങ്ങൾ വിട്ടുകൊടുത്താൽ ഡീലർക്ക് പിഴ ചുമത്തുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിരുന്നു. ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. 

ഈ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍ പാടുപെടും; ഇതാ അറിയേണ്ടതെല്ലാം

റോഡ് നികുതി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കണം. ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ താത്പര്യപത്രം അപ്പ്‍ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളില്‍ ഉടന്‍ സ്ഥിര രജിസ്ട്രേഷന്‍ അനുവദിക്കും. വൈകീട്ട് നാലിനു മുമ്പ് വരുന്ന അപേക്ഷകളില്‍ അന്നുതന്നെ നമ്പര്‍ അനുവദിക്കണം. രജിസ്ട്രേഷന്‍ നമ്പര്‍ അപ്പോള്‍ത്തന്നെ ഡീലര്‍ക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ എന്നാണ് നിയമം.

സ്ഥിരം രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷകൾ സൂക്ഷ്മ പരിശോധനക്കു ശേഷമേ ഡീലർമാർ പരിവാഹൻ വഴി അപ്രൂവ് ചെയ്യാൻ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകൾ രജിസ്‌ട്രേഷനു വേണ്ടി മനഃപൂർവം അപേക്ഷിച്ചാൽ ഡീലറിൽനിന്ന് പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ഡീലർ അപ്പ് ലോഡ് ചെയ്യുന്ന വാഹനവിവരങ്ങൾ ഉടൻ ബന്ധപ്പെട്ട അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിക്കും.

ഓരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അതത് ദിവസം തന്നെ നമ്പർ അനുവദിക്കണം. പരിശോധനയിൽ എന്തെങ്കിലും കുറവുകൾ കണ്ടെത്തിയാൽ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകൾ മാറ്റിവെക്കാവൂ എന്നും സർക്കുലറിൽ നിർദേശിക്കുന്നു. ഫാൻസി നമ്പറിന് അേപക്ഷയോടൊപ്പം താൽപര്യപത്രം നൽകണം. ഈ വിവരം ഡീലർ സോഫ്‌റ്റ്വെയറിൽ ഉൾപ്പെടുത്തും. ഈ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷൻ അനുവദിക്കും. ഫാൻസി നമ്പർ ലഭിക്കുകയും അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനങ്ങൾ ഉടമക്ക് നൽകൂ. നമ്പര്‍ പ്ലേറ്റുകളിലെ കൃത്രിമത്വം കാണിക്കല്‍ തടയാനാണ് ഈ പുതിയ നീക്കം. ഇളക്കിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത ഹുക്ക് ഉപയോഗിച്ചാവും പുതിയ നമ്പര്‍ പ്ലേറ്റ് ഉറപ്പിക്കുക. ക്രോമിയം അടിസ്ഥാനമാക്കിയുള്ള ഒരു ഹോളോഗ്രാം ഈ നമ്പര്‍ പ്ലേറ്റിലുണ്ടാവും. ഇത് മുന്നിലും പുറകിലുമുള്ള നമ്പര്‍ പ്ലേറ്റുകളിലുണ്ടാവും.  

ഈ രീതി നടപ്പിലായതോടെ പുതിയ വാഹനം വാങ്ങിയ ശേഷം ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങളാണ് പൂര്‍ണ്ണമായും ഇല്ലാതായത്. മുമ്പുണ്ടായിരുന്ന രീതി അനുസരിച്ച് രജിസ്ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു പതിവ്.  എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന. 

എന്നാല്‍ 'വാഹന്‍' സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മുമ്പ് വാഹനത്തിന്റെ വിവരങ്ങള്‍ മുമ്പ് ഷോറൂമുകളില്‍ നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍  വിവരങ്ങള്‍ നല്‍കുന്നത്.  അതായത് കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'വാഹന്‍' പോര്‍ട്ടലില്‍ എത്തിയിരിക്കും. ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്. അതുകൊണ്ടുതന്നെ വാഹനം ഉണ്ടാക്കിയ തീയ്യതി, മോഡല്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ സാധിക്കില്ല. 

എന്നാല്‍ ഷാസി വാങ്ങിയ ശേഷം ബോഡി നിർമിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങൾ ഇപ്പോഴുള്ളതു പോലെ പോലെ ആര്‍ടി ഓഫീസില്‍ എത്തേണ്ടിവരും. ഇവയുടെ രജിസ്ട്രേഷന് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആർടി ഓഫിസിൽ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

Follow Us:
Download App:
  • android
  • ios