ദില്ലി: ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവരെ മര്യാദ പഠിപ്പിക്കാനൊരുങ്ങി ലുധിയാന പൊലീസ്. ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ദീര്‍ഘകാല വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ ട്രാഫിക് നിയമലംഘനത്തിന്‍റെ വിവരങ്ങള്‍ കൂടി അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് ലുധിയാന പൊലീസിന്‍റെ പുതിയ നടപടി. യുവാക്കളെ ട്രാഫിക് നിയമത്തെക്കുറിച്ചും നിയമലംഘനം മൂലമുണ്ടാകുന്ന കുഴപ്പങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. 

ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന്‍റെ കൂടെ ട്രാഫിക് നിയമലംഘനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മുമ്പ് വിസയ്ക്ക് അപേക്ഷിക്കുന്നയാളുടെ കേസുകളുടെ വിവരം മാത്രമായിരുന്നു പരിശോധിച്ചിരുന്നത്. 

ഇത്തരത്തിലുള്ള ട്രാഫിക് നിയമലംഘന കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി എംബസികളില്‍ നിന്ന് പൊലീസിനെ ബന്ധപ്പെട്ടിരുന്നതായി ലുധിയാന പൊലീസ് കമ്മീഷണര്‍ രാഗേഷ് അഗര്‍വാള്‍ പറഞ്ഞു. ഗരാഗത നിയമങ്ങള്‍ ലംഘിച്ചിട്ടുള്ള ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ പൊലീസ് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിരവധി ആളുകളാണ് ലുധിയാനയില്‍ നിന്ന് ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളില്‍ പൗരത്വത്തിനും ദീര്‍ഘകാല വിസയ്ക്കും അപേക്ഷിക്കുന്നത്. എംബസി ആവശ്യപ്പെട്ടവരുടെ വിവരങ്ങള്‍ കൈമാറുമെന്നും ഈ സാഹചര്യത്തില്‍ ട്രാഫിക് ബോധവത്ക്കരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും രാഗേഷ് അഗര്‍വാള്‍ പറഞ്ഞു.

Read More: 'പാഞ്ചാലി, മൈ ലവ്'; മോഷ്‍ടിച്ചുണ്ടാക്കിയ വണ്ടിക്ക് ഭാര്യയുടെ പേര്, ഒപ്പം കുടുങ്ങി ഭാര്യയും വണ്ടിയും!

പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് 2018 ജനുവരി ഒന്ന് മുതല്‍ ജൂലൈ 31 വരെ 89,580 ചെല്ലാനുകളാണ് ലുധിയാന പോലീസ് പുറപ്പെടുവിച്ചത്. അനധികൃത പാര്‍ക്കിങ്ങിന് മാത്രം 2019-ലെ ആദ്യ ഏഴ് മാസത്തില്‍ 32,759 പേരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. 23,393 പേര്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനും 8647 സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിച്ചതിനും പിടിക്കപ്പെട്ടിട്ടുണ്ട്.