ലഭിച്ച് രണ്ടുമാസം തികയുന്നതിനിടെ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‍പെന്‍ഷനിലായി

ലഭിച്ച് രണ്ടുമാസം തികയുന്നതിനിടെ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‍പെന്‍ഷനിലായി. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചതിനെ തുടര്‍ന്ന് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‍പെന്‍ഡ് ചെയ്‍യുകയായിരുന്നു. കാസര്‍കോടാണ് സംഭവം. 

ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദ്(19)ന്റെ ലൈസൻസാണ് ആര്‍ടിഒ സസ്പെൻഡ് ചെയ്‍തത്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞുള്ള കുട്ടികളുടെ ആഘോഷത്തിൽ പങ്കുചേരനാണ് മുഹമ്മദ് റാഷിദ് വാഹനവുമായി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്‍ടിപി ചന്ദ്രഗിരി റോഡിൽ ചെമ്മനാട് വച്ചായിരുന്നു യുവാവ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഡിവൈഡർ മറികടന്ന് എതിർവശത്തിലൂടെ പാഞ്ഞ വാഹനത്തിനു മുന്നില്‍ നിന്നും എതിർവശത്തു നിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുതിച്ചുപായുന്ന വാഹനത്തിന്റെ പിറകിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളും തൂങ്ങി നിൽപ്പുണ്ടായിരുന്നു. 

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനത്തിൽ അപകടകരമായ ഡ്രൈവിങ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നു കലക്ടറുടെ നിർദേശത്തെ തുടർന്ന് ആർടിഒ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാടകയ്ക്കെടുത്ത വാഹനത്തിലാണ് യുവാവ് രൂപമാറ്റം വരുത്തിയത്. വാഹന ഉടമയായ സ്ത്രീ ഗൾഫിലാണ്. ഫെബ്രുവരി 26നാണ് യുവാവിന് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത്. വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് യുവാവില്‍ നിന്നും 15000 രൂപ പിഴ ഈടാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona