പ്രമുഖ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാറ്റി  അമേരിക്കയിൽ തങ്ങളുടെ 1299 സൂപ്പർ ലെഗ്ഗെര മോഡലുകൾ തിരിച്ചു വിളിക്കുന്നു. ഫ്രണ്ട് ബ്രേക്ക് പാഡിനെ സംബന്ധിക്കുന്ന തകരാർ പരിഹരിക്കുന്നതിനാണ് നടപടി. 

2017 സെപ്റ്റംബർ ഏഴിനും ഡിസംബർ ഏഴിനും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് ഇവ. മുൻപിലെ ബ്രേക്ക് പാഡുകൾ ഒടിയാൻ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നത്. ഇതുവരെയും ഒരു വാഹനങ്ങൾക്കും ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ല എന്നും മുൻകരുതൽ എന്ന നിലയിലാണ് ഇത് മാറ്റി നൽകുന്നത് എന്നും കമ്പനി അധികൃതർ അറിയിച്ചു.

ഈ സീരീസിൽ പെട്ട വാഹനങ്ങളുടെ ഉടമസ്ഥരെ ഇതിനെക്കുറിച്ച് കമ്പനി അറിയിക്കുന്നതാണ്. തിരിച്ചു വിളിക്കുന്ന വാഹനങ്ങളുടെ റിപ്പയർ പൂർണമായും സൗജന്യമായി കമ്പനി ചെയ്തു നൽകും. 2020 ജൂൺ 20 ഓടെയാണ് ഈ വാഹനങ്ങൾ തിരിച്ചു വിളിക്കുക.

മനോഹരമായ ഇറ്റാലിയൻ രൂപകൽപ്പനയും മിന്നൽ വേഗവുമാണ് സൂപ്പർ ലെഗ്ഗെര മോഡലുകളുടെ പ്രത്യകത. കാർബൺ ഫൈബർ സ്വിങ് ആം, മോണോ കോക്ക് ഫ്രെയിം, ഫെയറിങ് തുടങ്ങിയവയോടെ ഡുക്കാട്ടിയിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ ബൈക്കാണിത്. അലൂമിനീയം ടൈറ്റാനിയം സംയുക്തത്തിലാണ് ഇന്ധന ടാങ്ക് നിർമിച്ചിരിക്കുന്നത്. 167 കിലോയാണ് മൊത്തം ഭാരം.

ഡുക്കാട്ടിയുടെ ഏറ്റവും കരുത്തുള്ള 1,285 സി.സി. എൽ-ട്വിൻ സൂപ്പർ ക്വാഡ്രോ എൻജിനാണ് ഹൃദയം. ഈ എഞ്ചിന്‍ 215 പി എസ് ഉർജം ഉത്പാദിപ്പിക്കുന്നു. ക്വിക്ക് ഷിഫ്റ്ററോടെയുള്ള ആറ് സ്പീഡ് ഗിയർ ബോക്സാണ് ബൈക്കിന്. എ.ബി.എസ്. സിസ്റ്റം, സ്ലൈഡ് കൺട്രോൾ, ഡുക്കാട്ടി പവർ ലോഞ്ച്, ട്രാക്‌ഷൻ കൺട്രോളിനോട് യോജിപ്പിച്ചിരിക്കുന്ന 6-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് തുടങ്ങിയ ഘടകങ്ങളാണ് വാഹനത്തിന് സുരക്ഷ ഒരുക്കുന്നത്.