ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡിന്റെ വിഖ്യാത മോഡലാണ്  F-150 പിക്കപ്പ് ട്രക്ക്. അമേരിക്കൻ വിപണിയിലെ ജനപ്രിയനായ ഈ മോഡലിനെ ഇലക്ട്രിക്ക് കരുത്തില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോർട്ട്. ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രചാരമേറുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം. 

F-150 ഇവിക്ക് കരുത്തേകാൻ ഫോർഡ് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ട്. പ്ലാന്റിൽ 2022 മധ്യത്തോടെ സീറോ-എമിഷൻ F-150 പിക്കപ്പ് നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇപ്പോൾ വാഹനത്തിന്റെ ഔദ്യോഗിക വിശദാംശങ്ങളൊന്നും ലഭ്യമല്ല. റാപ്‌റ്ററിൽ ഉപയോഗിക്കുന്ന 3.5 ലിറ്റർ V6 ഇക്കോബൂസ്റ്റ് യൂണിറ്റിനേക്കാക്കാൾ 2022 ഫോർഡ് F-150 ഇവി കൂടുതൽ കരുത്തുറ്റതാകുമെന്നാണ് വിവരം.

മിഷിഗനിലെ ഡെട്രോയിറ്റിലുള്ള അമേരിക്കൻ കമ്പനിയുടെ റൂജ് ഇലക്ട്രിക് വെഹിക്കിൾ സെന്ററിലാകും വാഹനം നിർമിക്കുക. കൂടാതെ, F-150 പിക്കപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പ് ഉടൻ വരുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പുതിയ ടീസർ ഫോർഡ് പുറത്തിറക്കി. റോഗ് കോംപ്ലക്സിലേക്ക് 700 ദശലക്ഷം യുഎസ് ഡോളർ മുതൽമുടക്കിൽ ഈ പ്ലാന്റ് വിപുലീകരിക്കാൻ ബ്ലൂ ഓവൽ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിരവധി ഇലക്ട്രിക് വാഹനങ്ങൾക്ക് പ്ലാന്റ് സേവനം നൽകുമെന്നാണ് റിപ്പോർട്ട്.