Asianet News MalayalamAsianet News Malayalam

ബുക്ക് മൈ ജീപ്പുമായി എഫ്‍സിഐ

സമ്പര്‍ക്ക ഹരിത ഉപഭോക്തൃ ബന്ധത്തിന് തുടക്കം കുറിച്ച് ഐക്കണിക്ക് ഇറ്റാലിയന്‍ - അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ എഫ് സി എ ഇന്ത്യ.

FCA India Introduces Book My Jeep Platform
Author
Mumbai, First Published May 10, 2020, 10:04 PM IST

സമ്പര്‍ക്ക ഹരിത ഉപഭോക്തൃ ബന്ധത്തിന് തുടക്കം കുറിച്ച് ഐക്കണിക്ക് ഇറ്റാലിയന്‍ - അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ എഫ് സി എ ഇന്ത്യ. കമ്പനി ബുക്ക് മൈ ജീപ്പ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ യാത്രാ വിലക്കുകളും സാമൂഹ്യ അകലം പാലിക്കലും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

ഷോറൂം സന്ദര്‍ശിക്കാതെ ജീപ്പ് ബുക്ക് ചെയ്യാനും സ്വന്തമാക്കാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സഹായിക്കും. ടെസ്റ്റ് ഡ്രൈവ് വീട്ടുമുറ്റത്ത് ലഭ്യമാക്കും. അണുവിമുക്തമാക്കിയ ഡെലിവറിയും വീട്ടില്‍ എത്തിക്കും. വീട്ടിലെ സുരക്ഷിതത്വത്തില്‍ നിന്നും മാറാതെ, സ്‌ക്രീനില്‍ നോക്കി ജീപ്പ് ബുക്കു ചെയ്യാന്‍ കഴിയുമെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഡോ. പാര്‍ത്ഥ ദത്ത പറഞ്ഞു.

www.bookmyjeep.com എന്ന സൈറ്റിലൂടെ ഡിജിറ്റലായി ജീപ്പ് ബുക്ക് ചെയ്യാനാഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മൂന്ന് അനായാസ സ്റ്റെപ്പുകളിലൂടെ ബുക്കിംഗ് പൂര്‍ത്തിയാക്കാനുള്ള ഓട്ടോമാറ്റിക് അറിയിപ്പുകള്‍ ലഭിക്കും. വിലാസം, താമസസ്ഥലം, വേരിയന്റിന്റെ ചോയ്‌സ്, നിറം, പവര്‍ ട്രെയ്ന്‍, ട്രാന്‍സ്മിഷന്‍ തുടങ്ങിയ ലളിതമായ വിവരങ്ങളാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടത്.

ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മറ്റ് ഓണ്‍ലൈന്‍ പെയ്‌മെന്റ് ഓപ്ഷനുകള്‍ തുടങ്ങിയവയിലൂടെ ബുക്കിംഗ് തുക അടയ്ക്കാവുന്നതാണ്. തുടര്‍ന്ന്, എഫ് സി എയുടെ ഓട്ടോമേറ്റഡ് റീട്ടെയ്ല്‍ സംവിധാനം ഓട്ടോമാറ്റിക്കായി ഒരു ഐ ഡി തയ്യാറാക്കുകയും ആ നഗരത്തിലെ അംഗീകൃത ഡീലറുമായി ഉപഭോക്താവിന്റെ വിവരങ്ങള്‍ ബന്ധിപ്പിക്കുകയും ചെയ്യും.

ഡീലര്‍ഷിപ്പില്‍ നിന്ന് ഒരു ജീപ്പ് വിദഗ്ധന്‍ വീഡിയോ അല്ലെങ്കില്‍ വോയ്‌സ് കോള്‍ വഴി ഉപഭോക്താവിനെ ബന്ധപ്പെട്ട് ആവശ്യമായ വ്യക്തതയും വിശദാംശങ്ങളും നല്‍കും. ടെസ്റ്റ് ഡ്രൈവിനായി പൂര്‍ണ്ണമായും സാനിറ്റൈസ് ചെയ്ത വാഹനം ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തും.

ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, കൊറോണ വൈറസ് ബാധയില്‍ നിന്ന് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി മാര്‍ച്ച് 22 മുതല്‍ എഫ് സി എ ഇന്ത്യ താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios