ബിഎസ് 6 പാലിക്കുന്ന എല്ലാ ഫോഡ് കാറുകളും ഇനി കണക്റ്റഡ് ആയിരിക്കും. ഇന്ത്യയില്‍ ‘ഫോഡ്പാസ്’ എന്ന കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചു. എല്ലാ ബിഎസ് 6 മോഡലുകളിലും സ്റ്റാന്‍ഡേഡായി ഫോഡ്പാസ് കണക്റ്റിവിറ്റി സംവിധാനം ഉണ്ടായിരിക്കും. അധിക വില ഈടാക്കാതെ ഫോഡ് കാറുകളില്‍ ഫാക്റ്ററി ഫിറ്റഡ് ക്ലൗഡ് കണക്റ്റഡ് ഡിവൈസ് നല്‍കും. ഈയിടെ പുറത്തിറക്കിയ ബിഎസ് 6 ഫോഡ് ഇക്കോസ്‌പോര്‍ട്ട് എസ്‌യുവിയിലാണ് ‘ഫോഡ്പാസ്’ ആദ്യം അവതരിപ്പിച്ചത്.

ഫോഡ്പാസ് കണക്റ്റിവിറ്റി സംവിധാനം ഉപയോക്താക്കള്‍ക്ക് നിരവധി കണക്റ്റഡ് സേവനങ്ങള്‍ ലഭ്യമാക്കും. വിദൂരത്തില്‍ വാഹനത്തിലെ ഫംഗ്ഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഡീലര്‍ഷിപ്പുകള്‍ കണ്ടെത്തുന്നതിനും വിവിധ ദിശകള്‍ അറിയുന്നതിനും സര്‍വീസ് ഹിസ്റ്ററി പരിശോധിക്കുന്നതിനും ബ്രേക്ക്ഡൗണ്‍ സാഹചര്യങ്ങളില്‍ സഹായം തേടുന്നതിനും ‘ഫോഡ്പാസ്’ സഹായിക്കും. വാഹനത്തിന്റെ ‘ആരോഗ്യം’ സംബന്ധിച്ച അലര്‍ട്ടുകള്‍, ലൊക്കേഷന്‍, ഇന്ധന വിവരങ്ങള്‍ തുടങ്ങിയവ തല്‍സമയം ലഭിക്കും.

അക്കൗണ്ട്‌സ്, മൂവ്, ഫൈന്‍ഡ്, ഗൈഡ് എന്നീ നാല് വിഭാഗങ്ങളായി ‘ഫോഡ്പാസ്’ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ തരംതിരിച്ചിരിക്കുന്നു. അക്കൗണ്ട്‌സ് വിഭാഗത്തില്‍ പോയി നിങ്ങള്‍ അക്കൗണ്ട് സൃഷ്ടിക്കണം. ചുറ്റുമുള്ളവ കണ്ടെത്തുന്നതിന് ‘ഫൈന്‍ഡ്’ ഫീച്ചര്‍ സഹായിക്കും. റെസ്റ്ററന്റുകള്‍, ഡീലര്‍ഷിപ്പുകള്‍ തുടങ്ങിയവ സെര്‍ച്ച് ചെയ്യുകയുമാവാം. ‘ഗൈഡ്’ ഫീച്ചര്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് പോലെ പ്രവര്‍ത്തിക്കും. ആവശ്യം വരുന്നപക്ഷം കസ്റ്റമര്‍ കെയറുമായി കണക്റ്റ് ചെയ്യും.

ഫോഡ് കാറിലെ ക്ലൗഡ് കണക്റ്റഡ് ഡിവൈസ് ഉപയോഗിച്ചാണ് ‘മൂവ്’ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. വാഹനത്തെ സംബന്ധിച്ച തല്‍സമയ വിവരങ്ങള്‍ ലഭ്യമാക്കും. വിദൂരത്തില്‍ വാഹനം സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് ചെയ്യുന്നതിനും ലോക്ക്-അണ്‍ലോക്ക് ചെയ്യുന്നതിനും വാഹനത്തിന്റെ ആരോഗ്യം പരിശോധിക്കുന്നതിനും എത്രമാത്രം ഇന്ധനം അവശേഷിക്കുന്നു എന്ന് അറിയുന്നതിനും ഡിസ്റ്റന്‍സ് ടു എംപ്റ്റി അറിയുന്നതിനും ലൂബ്രിക്കന്റുകളുടെ അളവ് പരിശോധിക്കുന്നതിനും ടയര്‍ പ്രഷര്‍ അറിയുന്നതിനും ഓഡോമീറ്റര്‍ വായിക്കുന്നതിനും വിവിധ പാര്‍ട്ടുകളുടെ ലഭ്യതയും വിലയും അറിയുന്നതിനും സ്വന്തം വാഹനം നില്‍ക്കുന്ന ഇടം കണ്ടെത്തുന്നതിനും ‘മൂവ്’ ഫീച്ചര്‍ സഹായിക്കും.