വിരമിച്ചെങ്കിലും ഇന്നും ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരനാണ് യുവരാജ് സിങ്. അദ്ദേഹത്തിന്‍റെ വാഹനപ്രേമം ഏറെ പ്രസിദ്ധമാണ്. നിരവധി ആഡംബര മോഡലുകളാല്‍ സമ്പന്നമാണ് അദ്ദേഹത്തിന്‍റെ ഗാരേജ്. ഇപ്പോൾ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ മിനിയുടെ കൺട്രിമാനും യുവരാജിന്‍റെ ഗാരേജിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎംഡബ്ല്യു മിനി കൺട്രിമാന്റെ ജോണ്‍ കൂപ്പര്‍വര്‍ക്സ് പ്രത്യേക എഡിഷനാണ് യുവരാജ് സ്വന്തമാക്കിയതെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

യുവരാജ് വാഹനം സ്വന്തമാക്കിയ വിവരം മിനി ഇന്ത്യയാണ് ആരാധകരെ അറിയിച്ചത്. മിനിയുടെ ഏറ്റവും വലിയ ഹാച്ച്ബാക്കുകളിലൊന്നാണ് കൺട്രിമാൻ. ചുവപ്പ് നിറത്തിലുള്ള മിനി കൺട്രിമാൻ മിനിയുടെ ചണ്ഡീഗഡിലെ ഡീലർഷിപ്പിൽ നിന്നാണ് യുവരാജ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യ ഹെസൽ കീച്ചുമൊത്ത് ഡീലർഷിപ്പിൽ എത്തിയാണ് യുവരാജ് സിങ് പുതിയ കാർ ഏറ്റുവാങ്ങിയത്. 

പെട്രോൾ എൻജിനോടെ മാത്രമേ കൺട്രിമാൻ വിൽപനയിലുള്ളൂ. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് ഹൃദയം. ഈ എഞ്ചിന്‍ 231 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും സൃഷ്‍ടിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.1 സെക്കന്റ് മാത്രം മതി. പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് വാഹനം. അതുകൊണ്ടു തന്നെ ഏകദേശം 42.4 ലക്ഷം   രൂപയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില. 

നിലവില്‍ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ള്യുവിന്‍റെ കീഴിലാണ് ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനി.