Asianet News MalayalamAsianet News Malayalam

അത് വ്യാജപ്രചരണം, എന്‍ജിഒ യൂണിയന്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും ഈ ജീവനക്കാര്‍

പുതിയ ഉത്തരവിലൂടെ എക്സിക്യൂട്ടീവ് വിഭാഗത്തിന് വലിയ ആനുകൂല്യം കിട്ടുന്നുവെന്ന തരത്തില്‍ നടക്കുന്നത് വ്യാജപ്രചരണം.  എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും സാങ്കേതികവിഭാഗം ജീവനക്കാര്‍

Gazetted Officers Association says about issues in Kerala MVD promotions
Author
Trivandrum, First Published Mar 5, 2021, 11:30 AM IST

തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പിലെ ജോയിന്‍റ് ആര്‍ടിഒമാര്‍ക്ക് സാങ്കേതിക യോഗ്യത നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ നടക്കുന്നത് വ്യാജപ്രചരണമെന്ന് സാങ്കിതകവിഭാഗം ജീവനക്കാരുടെ സംഘടന. വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ജോയിന്‍റ് ആർടിഒ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും ഹെവി ഡ്രൈവിങ് ലൈസൻസും നിർബന്ധമാക്കി കഴിഞ്ഞദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ എന്‍ജിഒ യൂണിയനും ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എഎംവിഐ, എംവിഐ, ആര്‍ടിഒ തുടങ്ങിയവരുടെ സംഘടനയായ കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷന്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

'പോളിടെക്കിനിക്ക്' പഠിക്കണമെന്ന് സര്‍ക്കാരും, മോട്ടോര്‍ വാഹനവകുപ്പിലെ പോരിന് പുതിയമുഖം

കാലങ്ങളായി മോട്ടോര്‍വാഹനവകുപ്പിലെ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ മുഖംതിരിഞ്ഞുനിന്നിരുന്ന സര്‍ക്കാരുകള്‍ ഒടുവില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നതുകൊണ്ടു മാത്രമാണ് പുതിയ ഉത്തരവ് ഇറക്കിയതെന്ന് ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ഈ പുതിയ ഉത്തരവിലും കാലങ്ങളായി തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന റേഷ്യോ പരിഷ്‍കരണം ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല നിലവില്‍ സര്‍വ്വീസിലുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 

ഇതൊക്കെ മറച്ചുവച്ച് പുതിയ ഉത്തരവിലൂടെ എക്സിക്യൂട്ടീവ് വിഭാഗത്തിന് വലിയ ആനുകൂല്യം കിട്ടുന്നുവെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുകയാണെന്നും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ എസ് വിനോദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സുപ്രീംകോടതിയുടെ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം പുറത്തിറങ്ങിയ ഉത്തരവിനെതിരെ സമരം നടത്താനുള്ള നീക്കത്തിലൂടെ എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. 

ജോയിന്റ് ആർടിഒ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റത്തെച്ചൊല്ലി വകുപ്പിലെ ഇരുവിഭാഗം ജീവനക്കാരും തമ്മില്‍ വര്‍ഷങ്ങളായി നടക്കുന്ന ശീതസമരം അടുത്തിടെയാണ് രൂക്ഷമായത്. ഓഫീസ് വിഭാഗത്തിലെ സീനിയർ സൂപ്രണ്ടുമാരിൽനിന്നും വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ നിന്നുമാണ് ജോയിന്‍റ് ആർ.ടി.ഒ. തസ്‍തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നത്. ഇതിനെതിരെ പരാതിയുമായി എംവിഐ, എഎംവിഐമാര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‍നം വാര്‍ത്തകളില്‍ നിറയുന്നത്.

മോട്ടോര്‍വാഹന വകുപ്പിലെ സ്പെഷ്യൽ റൂളിലെ പ്രൊമോഷൻ വ്യവസ്ഥകൾ പ്രകാരം വകുപ്പിലെ ക്ലറിക്കൽ ജീവനക്കാർ ജോയിന്റ് ആർടിഒ വരെയാകുമ്പോൾ എഎംവിഐമാരായി സർവീസിൽ പ്രവേശിക്കുന്നവർക്ക് ഒറ്റ പ്രൊമോഷൻ മാത്രം ലഭിച്ച് എംവിഐമാരായി വിരമിക്കേണ്ടി വരുന്നു എന്നാണ് എംവിഐമാരുടെ പ്രധാന പരാതി. എഎംവിഐമാരായി സര്‍വ്വീസില്‍ കയറിയ ഒരാള്‍ക്ക് 20 വർഷം കഴിയുമ്പോഴാണ് എംവിഐയായി പ്രൊമോഷൻ ലഭിക്കുന്നതെന്നും എന്നാൽ ജൂനിയർ ക്ലാർക്കായി എത്തുന്നയാൾ 22 വർഷത്തിനുള്ളിൽ ഏഴ് പ്രമോഷനുകൾ ലഭിച്ച് ജോയിന്റ് ആർടിഒ ആകുമെന്നുമാണ് എംവിഐമാര്‍ പറയുന്നത്. മാത്രമല്ല ആദ്യം എംവിഐമാര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക യോഗ്യതയില്ലാത്ത ജൂനിയർ ക്ലാർക്കുമാർ വർഷങ്ങൾക്കു ശേഷം അനര്‍ഹമായി സ്ഥാനക്കയറ്റം നേടി ജോയിന്റ് ആർടിഒയുടെ കസേരയില്‍ എത്തുമ്പോഴും അവരുടെ കീഴില്‍ ജോലിചെയ്യേണ്ട ഗതികേടിലാണ് തങ്ങളെന്നുമാണ് എംവിഐമാരും എഎംവിഐമാരും പരാതി പറയുന്നു. 

മാത്രമല്ല ഇത്തരം സ്ഥാനക്കയറ്റങ്ങള്‍ മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും സാങ്കേതികവിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കല്‍, ഒന്നില്‍ക്കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന വാഹനാപകടങ്ങളുടെ പരിശോധന, ഹെവി ലൈസന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സാങ്കേതിക യോഗ്യതയുള്ള ജോയിന്‍റ് ആര്‍ടിഒമാരെ തേടിനടക്കേണ്ട ഗതികേടിലേക്കാണ് ഇത്തരം പ്രമോഷനുകള്‍ പൊതുജനങ്ങളെ കൊണ്ടെത്തിക്കുന്നതെന്നും എക്സിക്യൂട്ടീവ് വിഭാഗം പറയുന്നു. ഇതൊക്കെക്കൊണ്ടുതന്നെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സാങ്കേതിക വിഭാഗം ജീവനക്കാര്‍ 2020 നവംബറില്‍ സമരവും നടത്തിയിരുന്നു. 

അതേസമയം ഓഫീസ് വിഭാഗം ജീവനക്കാർക്ക് സാങ്കേതിക യോഗ്യതയില്ലെന്നും ഇവരെ സാങ്കേതികപരിജ്ഞാനം ആവശ്യമായ തസ്‍തികകളിൽ നിയമിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രഉപരിതലമന്ത്രാലയം ആവശ്യപ്പെട്ടിരുന്നതായാണ് സംസ്ഥാനസർക്കാരിനോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. വാഹനാപകടങ്ങൾ കുറയ്ക്കാൻവേണ്ടി രൂപവത്‌കരിച്ച സുപ്രീംകോടതിയുടെ പ്രത്യേകസമിതി ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനുപുറമെ യോഗ്യത ഭേദഗതിചെയ്യാൻ ഉദ്യോഗസ്ഥ ഭരണപരിഷ്‍കാര വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടതും പുതിയ ഉത്തരവിനു പിന്നിലുണ്ടെന്നും വിവരമുണ്ട്. 

Follow Us:
Download App:
  • android
  • ios