Asianet News MalayalamAsianet News Malayalam

'പോളിടെക്കിനിക്ക്' പഠിക്കണമെന്ന് സര്‍ക്കാരും, മോട്ടോര്‍ വാഹനവകുപ്പിലെ പോരിന് പുതിയമുഖം

മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ജോയിന്‍റ് ആർടിഒ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും ഹെവി ഡ്രൈവിങ് ലൈസൻസും നിർബന്ധമാക്കിയാണ് സർക്കാർ

New order for promotion in MVD Kerala
Author
Trivandrum, First Published Mar 2, 2021, 1:32 PM IST

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിലെ സ്ഥാനക്കയറ്റം സംബന്ധിച്ച് പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ജോയിന്‍റ് ആർടിഒ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും ഹെവി ഡ്രൈവിങ് ലൈസൻസും നിർബന്ധമാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ ഏറെക്കാലമായി മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാര്‍ തമ്മില്‍ നിലനിന്നിരുന്ന പ്രമോഷനെ ചൊല്ലിയുള്ള തമ്മിലടി പുതിയ തലത്തിലേക്കെത്തി. വകുപ്പിലെ എക്സിക്യൂട്ടീവ് അഥവാ സാങ്കേതിക വിഭാഗം ജീവനക്കാരും മിനിസ്റ്റീരിയല്‍ അഥവാ  ക്ലറിക്കല്‍ ജീവനക്കാരും തമ്മിലുള്ള പോരാണ് രൂക്ഷമാകുന്നത്. 

"നിങ്ങള്‍ പോളിടെക്കിനിക്കില്‍ പഠിച്ചിട്ടുണ്ടോ?" മോട്ടോര്‍വാഹന വകുപ്പില്‍ തമ്മിലടി!

ജോയിന്റ് ആർടിഒ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റത്തെച്ചൊല്ലി ഇരുവിഭാഗം ജീവനക്കാരും തമ്മില്‍ വര്‍ഷങ്ങളായി നടക്കുന്ന ശീതസമരം അടുത്തിടെയാണ് രൂക്ഷമായത്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടന്ന ചേരിപ്പോരുകളും പോര്‍വിളികളും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഓഫീസ് വിഭാഗത്തിലെ സീനിയർ സൂപ്രണ്ടുമാരിൽനിന്നും വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ നിന്നുമാണ് ജോയിന്‍റ് ആർ.ടി.ഒ. തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നത്. ഇതിനെതിരെ പരാതിയുമായി എംവിഐ, എഎംവിഐമാര്‍ രംഗത്തെത്തി. ഇതോടെയാണ് പ്രശ്‍നം വാര്‍ത്തകളില്‍ നിറയുന്നത്.

ജൂനിയർ ക്ലാർക്കുമാർ എംവിഐമാരെ, സാറെ എന്നാണ് വിളിക്കുന്നതെന്നും എന്നാൽ വർഷങ്ങൾക്കു ശേഷം സാങ്കേതിക യോഗ്യതയില്ലാത്ത ജൂനിയർ ക്ലാർക്ക് ജോയിന്റ് ആർടിഒയുടെ കസേരയില്‍ എത്തുമ്പോള്‍ തിരിച്ച് അവരെ സാറേ എന്നു വിളിക്കേണ്ട ഗതികേടിലാണ് തങ്ങളെന്നുമായിരുന്നു എംവിഐമാരുടെ ആക്ഷേപം. സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സാങ്കേതിക വിഭാഗം ജീവനക്കാര്‍ സമരവും നടത്തിയിരുന്നു. എന്നാല്‍ നിയമപരമായി നേടിയെടുത്ത ആനുകൂല്യമാണിതെന്നും ബാലിശമായ കാര്യങ്ങള്‍ ഉന്നയിച്ച് അപഹസിക്കുന്നതില്‍ മനോവേദനയുണ്ടെന്നുമായിരുന്നു ക്ലറിക്കല്‍ ജീവനക്കാരുടെ പരാതി. 

പ്രമോഷന്‍ മാനദണ്ഡത്തിനെതിരെ പണിമുടക്കി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍

പുതിയ ഉത്തരവിന്‍റെ കരടില്‍ അഭിപ്രായം അറിയാൻ ജീവനക്കാരുടെ സംഘടനകളുടെ യോഗം 2020 നവംബറില്‍ വീഡിയോ കോൺഫറൻസിലൂടെ ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗത്തിനു മുമ്പുതന്നെ എന്‍ജിഒ യൂണിയനും മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ സംഘടനയും എതിര്‍പ്പുമായി എത്തിയിരുന്നു. ഇതിനിടെയാണ് സ്ഥാനക്കയറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നിര്‍ണായകമായ പുതിയ ഉത്തരവിറക്കിയത്. 

ഓഫീസ് വിഭാഗത്തിലെ ജീവനക്കാർക്ക് സാങ്കേതിക യോഗ്യതയില്ലെന്നും ഇവരെ സാങ്കേതികപരിജ്ഞാനം ആവശ്യമായ തസ്തികകളിൽ നിയമിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രഉപരിതലമന്ത്രാലയം ആവശ്യപ്പെട്ടിരുന്നതായാണ് സംസ്ഥാനസർക്കാരിനോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. വാഹനാപകടങ്ങൾ കുറയ്ക്കാൻവേണ്ടി രൂപവത്‌കരിച്ച സുപ്രീംകോടതിയുടെ പ്രത്യേകസമിതി  ഇക്കാര്യം ചൂണ്ടിക്കാണിച്ചതായും യോഗ്യത ഭേദഗതിചെയ്യാൻ ഉദ്യോഗസ്ഥ ഭരണപരിഷ്‍കാര വകുപ്പും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും വിവരമുണ്ട്. 

"പത്താം ക്ലാസ് മാത്രമല്ല സാര്‍, പരിഹസിക്കരുത്, വിഷമമുണ്ട്.." ഈ ജീവനക്കാര്‍ പറയുന്നു

അതേസമയം പുതിയ ഉത്തരവില്‍ പ്രതിഷേധിച്ച് മിനിസ്റ്റീരയില്‍ വിഭാഗം ജീവനക്കാരുടെ സംഘടന രംഗത്തെത്തി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സ്റ്റേ നിലനിൽക്കെ ഗവണ്മെന്‍റ് എല്ലാ നിയമങ്ങളും മറികടന്ന് സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കിയെന്ന് കേരള മോട്ടോർ വെഹിക്കിൾസ് ഡിപാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സർവീസ് സംഘടനകളുടെ യോഗത്തിന്റെ തീരുമാനത്തിന് എതിരാണ് പുതിയ ഉത്തരവെന്നും നിയമസഭ സബ്ജക്ട് കമ്മിറ്റിയാണ് സ്‌പെഷ്യൽ റൂൾ ഭേദഗതി പരിഗണിക്കേണ്ടതെന്നും അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 26 ന് നിലവിൽ വന്ന ശേഷം ഇങ്ങനെൊരു ഉത്തരവ് ഇറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും സംഘടന ആരോപിക്കുന്നു.

തമ്മിലടിയില്‍ ചോരുന്ന 'ഫിറ്റ്നസ്'; സര്‍ക്കാരിന് തലവേദനയായി മോട്ടോര്‍വാഹനവകുപ്പ്

നിലനിൽക്കുന്ന നിയമങ്ങളെയും കോടതി വിധികളെയും സ്റ്റേ ഉത്തരവിനെയും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളെയുമൊക്കെ മറികടന്ന് ഇത്തരമൊരു ഉത്തരവിറങ്ങിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു. വകുപ്പിലെ 1400ല്‍ അധികം ജീവനക്കാരുടെ പ്രമോഷനെ ബാധിക്കുന്ന ഈ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യാനും ഒപ്പം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുമാണ്  മോട്ടോർ വെഹിക്കിൾസ് ഡിപാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻറെ തീരുമാനം. ഇതിന്‍റെ ഭാഗമായി മാര്‍ച്ച് 3ന് കരിദിനമായി ആചരിക്കാനും 29,30,31 തീയതികളിൽ എല്ലാ ഓഫീസുകളും സ്‍തംഭിപ്പിച്ച് സമരം നടത്താനുമാണ് മിനിസ്റ്റീരിയല്‍ വിബാഗം ജീവനക്കാരുടെ സംഘടനയുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios