കൂടുതൽ വ്യക്തത തേടി കമ്പനിയുടെ ഡയറക്ടർമാർ, മാനേജിംഗ് ഡയറക്ടർ, ഓഡിറ്റർമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത മാനേജ്‌മെന്റുകളെ മന്ത്രാലയം അടുത്ത മാസം വിളിപ്പിക്കും എന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ദില്ലി: എം‌ജി മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക ക്രമക്കേടുകള്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം എന്നാണ് വിവരം.

ചൈനീസ് കാർ നിർമ്മാതാക്കളായ എസ്എഐസി മോട്ടോർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഭാഗമാണ് എം‌ജി മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഇതിനെതിരെയാണ് കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. കമ്പനിയുടെ സാമ്പത്തിക ഇടപാട് രേഖകളുടെ വിശദമായ വിശകലനം, സംശയാസ്‌പദമായ കക്ഷികളുമായി ബന്ധപ്പെട്ട ഇടപാടുകൾ, ആരോപണ നികുതി വെട്ടിപ്പ്, ബില്ലുകളുടെ അമിത ഇൻവോയ്‌സിംഗ്, മറ്റ് ക്രമക്കേടുകൾ എന്നിവയെല്ലാം സംബന്ധിച്ച സൂചനകളെ തുടർന്നാണ് സൂക്ഷ്മപരിശോധന ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

കൂടുതൽ വ്യക്തത തേടി കമ്പനിയുടെ ഡയറക്ടർമാർ, മാനേജിംഗ് ഡയറക്ടർ, ഓഡിറ്റർമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത മാനേജ്‌മെന്റുകളെ മന്ത്രാലയം അടുത്ത മാസം വിളിപ്പിക്കും എന്ന് റിപ്പോര്‍ട്ട് പറയുന്നു. 

2020 മുതല്‍ അതിര്‍ത്തിയില്‍ രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്കെതിരായ നടപടികള്‍ ഇന്ത്യ ശക്തമാക്കിയിരുന്നു. ഷവോമി കോർപ്പറേഷൻ, ZTE കോർപ്പറേഷന്റെ പ്രാദേശിക യൂണിറ്റുകൾ, ഓപ്പോ, വിവോ മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോ ലിമിറ്റഡ് ഉൾപ്പെടെയുള്ള ചൈന ആസ്ഥാനമായുള്ള മറ്റ് സ്ഥാപനങ്ങൾക്കെതിരെ സമാനമായ നടപടി അടുത്തിടെ ഇന്ത്യ എടുത്തിരുന്നു. 

2019-- 2020 ലെ ബിസിനസ്സിന്റെ ആദ്യ വർഷത്തിൽ കമ്പനിക്ക് പ്രവർത്തന നഷ്ടം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ നോട്ടീസ് ലഭിച്ചതായി എം‌ജി മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റ് അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. “ഞങ്ങൾ എല്ലാ വിഷയങ്ങളിലും സർക്കാർ അധികാരികളുമായി പൂർണ്ണമായി സഹകരിക്കുന്നു, നിശ്ചിത സമയപരിധിക്കുള്ളിൽ കമ്പനികളുടെ രജിസ്ട്രാർക്ക് ആവശ്യമായ രേഖകളും വിവരങ്ങളും നൽകും” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ ഒരു ഓട്ടോമൊബൈൽ കമ്പനിക്കും ലാഭകരമാകുന്നത് അസാധ്യമാണെന്നും കമ്പനി കൂട്ടിച്ചേർത്തു. "ഇതിന് കാരണം, ഇന്ത്യയെപ്പോലുള്ള ഉയർന്ന മത്സരാധിഷ്ഠിത വിപണിയിൽ ആവശ്യമായ വലിയ നിക്ഷേപം ആവശ്യനാണ്. അവിടെ നിരവധി ബഹുരാഷ്ട്ര കമ്പനികൾ പതിറ്റാണ്ടുകളായിനഷ്ടം വരുത്തുകയും ചെയ്യുന്നുണ്ട്" എംജി മോട്ടോർ പറഞ്ഞു.

സെമികണ്ടക്ടര്‍ ലഭ്യത വീണ്ടും സാധാരണ നിലയിലായതോടെ എംജി മോട്ടോർ ഒക്ടോബറിൽ 1,000 ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 5,008 യൂണിറ്റുകളുടെ ഉൽപ്പാദനം നടത്തിയെന്ന് എംജി ചൊവ്വാഴ്ച പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ റീട്ടെയിൽ വിൽപ്പന 53 ശതമാനം ഉയർന്ന് കഴിഞ്ഞ മാസം 4,367 യൂണിറ്റിലെത്തിയെന്നും ഇവര്‍ അറിയിച്ചു. അതേ സമയം ഈ വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പുതിയ ഐടി ചട്ടങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയുടെ കഴുത്തിന് പിടിക്കുന്നോ.?

ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര