കൊച്ചി: ലോകം കൊറോണ ഭീതിയിലാണ്.  വൈറസ് അപകടകരമായ വിധത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പിന്റെ വീഡിയോ സന്ദേശം. വിദേശത്തുനിന്ന് ഉള്‍പ്പടെയെത്തുന്ന സഞ്ചാരികളുമായി ഇടപഴകുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വീഡിയോയാണ് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. 

വാഹനത്തില്‍ യാത്രക്കാരായെത്തുന്നവര്‍ എവിടെ നിന്നാണ് വരുന്നതെന്ന വിശദമായ വിവരശേഖരം നടത്തണം. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നാണ് സഞ്ചാരികള്‍ വരുന്നതെങ്കില്‍ ഇവരുമായി ഇടപഴകുമ്പോള്‍ ചില മുന്‍ കരുതല്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നാണ് വിഡിയോയില്‍ നിര്‍ദ്ദേശിക്കുന്നത്. 

  • യാത്രക്കാരുമായുള്ള ഹസ്‍തദാനം കഴിവതും ഒഴിവാക്കുക
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക.
  • മാസ്‌കുകള്‍ ധരിക്കുക. ഉപയോഗ ശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി നിക്ഷേപിച്ച് സംസ്‌കരിക്കുക.
  • യാത്ര വേളകളില്‍ എ.സി ഒഴിവാക്കി ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പ് വരുത്തുക.
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടക്ക് കഴുകി വൃത്തിയായി സൂക്ഷിക്കുക.
  • യാത്രക്കാരുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കുക.
  • രോഗ ലക്ഷണങ്ങളായ പനി,ചുമ ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുള്ള യാത്രക്കാര്‍ ഉണ്ടാകുന്ന പക്ഷം യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉള്‍വശം ബ്ലീച്ച് സൊല്യൂഷന്‍/ ഫിനോള്‍ ഉപയോഗിച്ച് മുക്കി തുടയ്ക്കുക. ജനാലകള്‍ തുറന്നിട്ട് ഉണങ്ങിക്കഴിഞ്ഞ ശേഷം വീണ്ടും വാഹനം ഉപയോഗിക്കുക.
  • എന്നിവയാണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശമായി പുറത്തിറങ്ങിയിരിക്കുന്നത്.