ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാത്യു ലെവറ്റിച്ച് രാജിവെച്ചു. യുഎസ് വിപണിയില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെതുടര്‍ന്നാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോര്‍ഡ് അംഗം യോഹന്‍ സൈറ്റ്‌സ് താല്‍ക്കാലിക ചുമതല ഏറ്റെടുക്കും. 2015 മെയിലാണ് മാത്യു ലെവറ്റിച്ച് സിഇഒ സ്ഥാനം ഏറ്റെടുത്തത്. ആഭ്യന്തര വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഇലക്ട്രിക് ബൈക്കുകള്‍ ഉള്‍പ്പെടെ പുതിയ ലോഞ്ചുകള്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ല. 

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആകെ വില്‍പ്പനയില്‍ പകുതിയിലധികം വില്‍ക്കുന്നതും അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയുമാണ് അമേരിക്ക. എന്നാല്‍ ജന്മദേശത്ത് മികച്ച വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നതില്‍ കമ്പനി വര്‍ഷങ്ങളായി പരാജയപ്പെടുകയാണ്. 2019 ല്‍ യുഎസ് വിപണിയിലെ ഹാര്‍ലിയുടെ വില്‍പ്പന കഴിഞ്ഞ പതിനാറ് വര്‍ഷത്തെ ഏറ്റവും താഴ്ന്നതായിരുന്നു. കഴിഞ്ഞ പന്ത്രണ്ട് പാദങ്ങളിലും വില്‍പ്പന ഇടിഞ്ഞതിനെതുടര്‍ന്ന് ബൈക്കുകളുടെ ഉല്‍പ്പാദനം പരിമിതപ്പെടുത്താന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ നിര്‍ബന്ധിതരായിരുന്നു.

2019 ല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ഏറ്റവും കുറവ് ബൈക്കുകളാണ് യുഎസ് വിപണിയില്‍ ഹാര്‍ലി വില്‍പ്പനയ്ക്ക് എത്തിച്ചത്. ആഗോള കയറ്റുമതി 2010 നുശേഷമുള്ള ഏറ്റവും കുറവ്. വില്‍പ്പന വര്‍ധിക്കാനുള്ള സാധ്യത മങ്ങിയതോടെ നിക്ഷേപകര്‍ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. ലെവറ്റിച്ച് സ്ഥാനമേറ്റശേഷം ഹാര്‍ലിയുടെ ഓഹരി മൂല്യം 46 ശതമാനമാണ് ഇടിഞ്ഞത്. പുതിയ നേതൃത്വം വരേണ്ടതിന്റെ സമയമായെന്ന് ബോര്‍ഡും മാത്യുവും പരസ്പരം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ബിസിനസ് പുഷ്‍ടിപ്പെടുത്താന്‍ പുതിയ നേതൃത്വത്തെ തേടാനാണ് കമ്പനിയുടെ നീക്കം.