ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പാഷൻ പ്രോയുടെ പുതിയ മോഡല്‍  പുറത്തിറക്കി ഹീറോ മോട്ടോകോർപ്പ് . ജയ്പൂരിൽ നടന്ന പരിപാടിയിലാണ് പുതിയ പാഷന്‍ പ്രോയെ ഹീറോ അവതരിപ്പിച്ചത്. ബി.എസ് 6 എന്‍ജിനിലാണ് പാഷന്‍ പ്രോ എത്തുക

സെല്‍ഫ്-ഡ്രം-അലോയ്, സെല്‍ഫ്-ഡിസ്‌ക്-അലോയ് എന്നീ രണ്ട് വേരിയന്റുകളില്‍ ഈ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. യഥാക്രമം 64,990 രൂപയും 67,190 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. 

നിലവിലെ പാഷന്‍ പ്രോയുമായി താരതമ്യം ചെയ്യുമ്പോള്‍ ബേസ് വേരിയന്റിന് 6,740 രൂപയും ടോപ് സ്‌പെക് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 6,290 രൂപയും വര്‍ധിച്ചു. തല്‍സമയ ഇന്ധനക്ഷമത കാണിക്കുന്ന പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതിയ ഫീച്ചറാണ്. സ്‌പോര്‍ട്‌സ് റെഡ്, ടെക്‌നോ ബ്ലൂ, മൂണ്‍ യെല്ലോ, ഗ്ലേസ് ബ്ലാക്ക് എന്നിവ നാല് പുതിയ കളര്‍ ഓപ്ഷനുകളാണ്.

ബിഎസ് 6 പാലിക്കുന്ന 113.2 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹൃദയം. വാഹനത്തില്‍ പുതുതായി ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം ലഭിച്ചു. ഈ എഞ്ചിന്‍ ഇപ്പോള്‍ 7,500 ആര്‍പിഎമ്മില്‍ 9.15 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.79 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മറ്റ് ഹീറോ ബൈക്കുകളെപ്പോലെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഹീറോ മോട്ടോകോര്‍പ്പിന്റെ ഐ3എസ് (ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം) നല്‍കിയിരിക്കുന്നു. ഇന്ധനക്ഷമത ഇപ്പോള്‍ അഞ്ച് ശതമാനം വര്‍ധിച്ചതായി കമ്പനി അവകാശപ്പെട്ടു.

പുതുതായി ഡയമണ്ട് ഫ്രെയിമിലാണ് ഹീറോ പാഷന്‍ പ്രോ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ് കുറഞ്ഞു. ഭാരം കുറഞ്ഞതോടെ മികച്ച പെര്‍ഫോമന്‍സ്, കൂടുതല്‍ ഇന്ധനക്ഷമത എന്നിവ ലഭിക്കും.

ഒരു പുതിയ എന്‍ജിനു പുറമെ, പുതിയ ബി‌.എസ് 6 പാഷൻ പ്രോയില്‍ പുതിയ ട്രിപ്പിൾ ടോൺ പെയിന്റ് തീം, അപ്‌ഗ്രേഡ് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ഹെഡ്‌ലാമ്പ്, ടെയ്‌ലാമ്പ് എന്നിവയ്ക്കൊപ്പം വലിയ ഇന്ധന ടാങ്കുമുണ്ട്. സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിൽ സസ്‌പെൻഷനിലും അല്പം മാറ്റം വരുത്തിയിട്ടുണ്ട്.  മുന്നിലെ സസ്‌പെന്‍ഷന്‍ ഇപ്പോള്‍ 14 ശതമാനവും പിന്നിലെ സസ്‌പെന്‍ഷന്‍ 10 ശതമാനവും അധികം ട്രാവല്‍ ചെയ്യുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെട്ടു. ഗ്രൗണ്ട് ക്ലിയറന്‍സ് ഒമ്പത് ശതമാനം വര്‍ധിച്ചു.

ഗ്രൗണ്ട് ക്ലിയറൻസും ഏകദേശം 15 മില്ലീമീറ്റർ ഉയർത്തി. ഓട്ടോ സെയിൽ എന്ന സവിശേഷതയോടെയാണ് പുതിയ ഹീറോ പാഷൻ പ്രോ വരുന്നത്. ഈ സവിശേഷത കനത്ത ട്രാഫിക്കിൽ ബൈക്കിനെ കൈകാര്യം ചെയ്യുന്നത് അനായാസമാക്കും എന്നാണ് കമ്പനി പറയുന്നത്. സ്‌പോർട്‌സ് റെഡ്, ടെക്‌നോ ബ്ലൂ, മൂൺ യെല്ലോ, ഗ്ലേസ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് പുതിയ ഹീറോ പാഷന്‍ പ്രോ എത്തുക